ആമിര്‍ ഖാന്‍ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് സിത്താരെ സമീന്‍ പര്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ തനിക്ക് മുന്‍പ് തമിഴില്‍ ശിവകാര്‍ത്തികേയനേയും ഹിന്ദിയില്‍ ഫര്‍ഹാന്‍ അക്തറിനെയും സമീപിച്ചിരുന്നതായി ആമിര്‍ വ്യക്തമാക്കി. ഇപ്പോഴിതാ ആകസ്മികമായാണ് താന്‍ സിനിമയുടെ ഭാഗമായതെന്ന് തുറന്ന് പറയുകയാണ് ആമിര്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം.
ആമിര്‍ ഖാന്റെ വാക്കുകള്‍…..
”തമിഴിലും ഹിന്ദിയിലും സിനിമയെടുക്കാനായിരുന്നു പദ്ധതി. പ്രസന്ന തമിഴില്‍ നിന്നുള്ളയാളാണ്. ഫര്‍ഹാന്‍ അക്തറിനോടും തമിഴില്‍ ശിവകാര്‍ത്തികേയനോടും കഥ പറഞ്ഞിരുന്നു. അവരുടെ ഡേറ്റുകളും ലോക്ക് ചെയ്തിരുന്നു. സിനിമയുടെ അവസാനഘട്ടം ഞാന്‍ പ്രൊഡ്യൂസറെന്ന നിലയില്‍ സിനിമയുടെ സംവിധായകനും റൈറ്റര്‍ക്കൊപ്പവും ഒരാഴ്ച ഇരിക്കാറുണ്ട്. എല്ലാം ശരിയാണോ, ഇനി തിരുത്തലുകള്‍ വേണോ എന്നെല്ലാമുള്ള അവസാനഘട്ട ചര്‍ച്ചയാണ് അത്. അങ്ങനെ ദിവ്യ(തിരക്കഥകൃത്ത്) ചിത്രത്തിലെ ഓരോ സീനുകള്‍ വായിക്കുകയും ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്തുകൊണ്ടിരിക്കവേയാണ് എന്തുനല്ല സ്‌ക്രിപ്റ്റാണ് ഇതെന്താണ് ഞാന്‍ ചെയ്യാത്തത് എന്ന ചിന്ത എനിക്ക് വരുന്നത്. എല്ലായ്പ്പോഴും ഇതേ ചിന്ത. ഒടുവില്‍ പ്രസന്നയോട് ഞാനിക്കാര്യം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ ഇത് ചെയ്യണം. പക്ഷെ അവസാന ഘട്ടമാണ്, മറ്റ് രണ്ടുപേരുടെ ഡേറ്റുകള്‍ വാങ്ങിക്കഴിഞ്ഞു, ഇനി സമയമുണ്ടോ എന്നെല്ലാം എനിക്ക് ആശങ്കയുണ്ടായിരുന്നു. അപ്പോള്‍ പ്രസന്ന എന്നോട് പറഞ്ഞു, എന്റെ ഫസ്റ്റ് ചോയ്സ് നിങ്ങളാണ് അവരോട് സംസാരിക്കൂവെന്ന്.’
Farhan Akhtar and Sivakarthikeyan were initially considered for the Hindi and Tamil versions of #SitaareZameenPar, but Aamir Khan eventually took it up himself.
pic.twitter.com/L6MiN14hca— Mohammed Ihsan (@ihsan21792) June 28, 2025
സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ 100 കോടി കളക്ട് ചെയ്തിട്ടുണ്ട്. ഒരു ബാസ്‌കറ്റ്‌ബോള്‍ കോച്ചിന്റെ വേഷത്തിലാണ് ആമിര്‍ ഖാന്‍ സിനിമയിലെത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആര്‍ എസ് പ്രസന്നയാണ്. ദിവ്യ നിധി ശര്‍മ്മ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ആമിര്‍ ഖാനും അപര്‍ണ പുരോഹിതും ചേര്‍ന്നാണ്. ചിത്രത്തില്‍ ജെനീലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.