ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിഷയത്തില്‍ പ്രതികരിച്ച് സിനിമാ പി ആര്‍ ഒ പ്രതീഷ് ശേഖര്‍. ആദ്യമായല്ല ഇന്ത്യന്‍ സിനിമയില്‍ ജാനകി എന്ന പേര് ഒരു സിനിമയ്ക്ക് ഉപയോഗിക്കുന്നതെന്നും ഒരു ചലച്ചിത്രത്തിന് പേരിടാനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും പ്രതീഷ് ശേഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം….
‘ആദ്യമായല്ല ഇന്ത്യന്‍ സിനിമയില്‍ ജാനകി എന്ന പേര് ഒരു സിനിമയ്ക്ക് ഉപയോഗിക്കുന്നത്. മലയാള സിനിമയിലും ഇതിനു മുന്‍പും ജാനകി എന്ന പേര് ഉപയോഗിച്ച് സിനിമ വന്നിരുന്നു. 2003ല്‍ റിലീസ് ചെയ്ത ജാനകി വെഡ്‌സ് ശ്രീറാം , 2013 ല്‍ തെലുങ്ക് ചിത്രം ഏലിയാസ് ജാനകി , 2018ല്‍ മലയാള ചിത്രം ജാനകി, 2023ല്‍ മലയാള ചിത്രം ജാനകി ജാനേ തുടങ്ങിയവ എനിക്കോര്‍മ്മ വരുന്ന അതില്‍ ചിലതു മാത്രം. ഈ സിനിമകളില്‍ ഒന്നും ആ പേരിനു കത്രിക വച്ചിട്ടില്ല, പക്ഷെ കഴിഞ്ഞ ദിവസം റിലീസ് ചെയ്യേണ്ട ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്ക് കേരള സ്റ്റേറ്റിനും ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഇല്ലാത്ത ആകുലത സെന്‍സര്‍ ബോര്‍ഡിന് എന്താണെന്നു മനസ്സിലാകുന്നില്ല.. ഒരു ചലച്ചിത്രത്തിന് പേരിടാനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, കേരളത്തിലെ സിനിമാ പ്രവര്‍ത്തകര്‍, സിനിമാ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന സമരത്തിനൊപ്പം.. ഈ ജാനകിക്ക് അതേ പേരില്‍ റിലീസ് നല്‍കുക. സിനിമയ്ക്ക് നീതി നല്‍കുക’.
View this post on Instagram
അതെസമയം ചിത്രത്തിന്റെ ടൈറ്റിലിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നല്‍കുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.
















