ചുരുളി സിനിമ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ ചിത്രീകരണ വേളയില്‍ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് ആയിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ലിജോ ജോസിന് മറുപടിയുമായി ജോജു ജോര്‍ജ് രംഗത്തെത്തി.
തെറി ഇല്ലാത്ത ഒരു വേര്‍ഷന്‍ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്കെയില്‍ അടക്കം പ്രദര്‍ശിപ്പിച്ചതെന്നും,എന്നാല്‍ പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ തെറി വേര്‍ഷന്‍ അവര്‍ സിനിമ ഒടിടിക്ക് വിറ്റു. പുറത്തുവിട്ട തുണ്ട് കടലാസിനൊപ്പം എഗ്രിമെന്റും പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു. ഇതോടെ ലിജോ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
ചുരുളി സിനിമയുടെ തെറി പറയുന്ന വേര്‍ഷന്‍ റിലീസ് ചെയ്യുമ്പോള്‍ അറിയിച്ചില്ലെന്നും തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിനേ അയക്കുകയുള്ളു എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും ജോജു ജോര്‍ജ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് ലിജോ ജോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.