വിഷ്ണു മഞ്ചു നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. നായക കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു മഞ്ചുവിന്റെ പ്രകടനത്തെയാണ് രാം ഗോപാല്‍ വര്‍മ്മ പ്രശംസിക്കുന്നത്. വാട്ടസ് ആപ്പിലൂടെയായിരുന്നു രാം ഗോപാല്‍ വര്‍മ്മ വിഷ്ണു മഞ്ചുവിനെ പ്രശംസിച്ചത്. തനിക്ക് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സില്‍ക്കൂടി വിഷ്ണു മഞ്ചു തന്നെയാണ് പുറത്തുവിട്ടത്.
വിഷ്ണു മഞ്ചു പുറത്തുവിട്ട വാട്ടസ് ആപ്പ് സന്ദേശം ഇങ്ങനെ…..
‘ദൈവങ്ങളിലോ ഭക്തരിലോ താല്‍പര്യമുള്ള ആളല്ല ഞാന്‍. അതിനാല്‍ത്തന്നെ അത്തരം വിഷയങ്ങള്‍ പറയുന്ന ചിത്രങ്ങള്‍ ഞാന്‍ സ്വതവേ കാണാറില്ല. പക്ഷേ ഒറിജിനല്‍ (കണ്ണപ്പ) ചിത്രം കോളെജ് കാലത്ത് ഞാന്‍ നാല് തവണ കണ്ടിട്ടുണ്ട്. നായകനെയും നായികയെയും ഒപ്പം ഗാനങ്ങളും കാണാന്‍ വേണ്ടി ആയിരുന്നു ആ കാഴ്ചകള്‍. തിന്നഡുവായി നിങ്ങള്‍ അഭിനയിക്കുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് ഒരു പുരോഹിതനെപ്പോലെ വിശ്വാസത്തിന്റെ ഒരു മാതൃക ആയിരിക്കുന്നു. എന്നെ സ്തബ്ധനാക്കിയ ഒരു ശൗര്യം ആ പ്രകടനത്തില്‍ ഉണ്ടായിരുന്നു.
ക്ലൈമാക്‌സില്‍ ശിവലിംഗത്തില്‍ നിന്ന് ചോരയൊഴുകുന്നത് തടയാനായി തിന്നഡു തന്റെ കണ്ണുകള്‍ നല്‍കുന്നിടത്ത് അഭിനയത്തിന്റെ പരകോടിയിലേക്ക് നിങ്ങള്‍ എത്തുകയാണ്. സാധാരണ ഇത്തരം രംഗങ്ങളെ ഞാന്‍ എതിര്‍ക്കാറാണ് പതിവ്. പക്ഷേ നിങ്ങള്‍ എന്നെ ആ രംഗം ഇഷ്ടപ്പെടുത്തിയെന്നത് ആഹ്ലാദിപ്പിക്കുന്നു. ശിവന് കീഴടങ്ങുന്നിടത്തെ നിങ്ങളുടെ അസംസ്‌കൃതമായ സത്യസന്ധത വൈകാരികമായ ആഴം പ്രകടനത്തില്‍ കൊണ്ടുവരുന്നതിന്റെ ഒരു മാസ്റ്റര്‍ക്ലാസ് ആണ്. ആ സമയത്തെ നിങ്ങളുടെ മുഖം മനോവേദനയും ബഹുമാനവും കൂടിക്കലര്‍ന്ന ഒന്നാണ്. എല്ലാവരും പ്രഭാസിനെ കാണാന്‍ വേണ്ടിയാവും തിയറ്ററുകളിലേക്ക് വരുന്നത്. പക്ഷേ ഞാന്‍ ഇപ്പോള്‍ നിങ്ങളെ കാണാനായി തിയറ്ററിലേക്ക് പോവുകയാണ്’.
മുകേഷ് കുമാര്‍ സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ കിരാത എന്ന കഥാപാത്രത്തെയാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസെത്തുന്നത്. മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥയാണ് ചിത്രം പറയുക. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്റണി ഗോണ്‍സാല്‍വസ്.