മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത് വിഷ്ണു മഞ്ചു എഴുതി മോഹൻ ബാബു നിർമ്മിച്ചെത്തിയ പാൻ ഇന്ത്യൻ സിനിമയാണ് ‘കണ്ണപ്പ’. വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആദ്യഘട്ടം മുതലേ ചിത്രം സേഷ്യൽ മീഡിയയിലും മറ്റും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഹൈദരാബാദിൽ നടന്ന താങ്ക് യൂ മീറ്റിൽ കണ്ണപ്പയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞും തെലുങ്ക് സിനിമയായ ചിത്രത്തിന്റെ സംവിധായകനായി ഹിന്ദി സംവിധായകനെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തിയും എത്തിയിരിക്കുകയാണ് താരം.
‘മാധ്യമങ്ങൾക്ക് നന്നായി അറിയാം, കണ്ണപ്പയുടെ തിരക്കഥയുമായി ഞാൻ തെലുഗു സിനിമാ വ്യവസായത്തിലെ സംവിധായകരെ സമീപിച്ചിരുന്നെങ്കിൽ ആരും എന്നോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാകുമായിരുന്നില്ല. മാത്രമല്ല, എന്റെ അവസാനത്തെ കുറച്ച് ചിത്രങ്ങൾ നന്നായി ഓടിയതുമില്ല. എന്നാൽ, മുകേഷ് കുമാർ സിംഗ്, ‘മഹാഭാരതം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഒരു ഇന്ത്യൻ ഇതിഹാസം അതിഗംഭീരമായി അവതരിപ്പിച്ച വ്യക്തിയാണ്. ‘കണ്ണപ്പ’ അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിമാണെങ്കിലും, ഞാൻ അദ്ദേഹത്തിന് ഈ ഉത്തരവാദിത്തം ഏൽപ്പിച്ചു. അദ്ദേഹം മറഞ്ഞിരിക്കുന്ന ഒരു രത്നമാണ്, അത്തരം പ്രതിഭകളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു.’ വിഷ്ണു മഞ്ചു പറഞ്ഞു.
വിഷ്ണു മഞ്ജു നായകനായെത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദനാണ് നായിക. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഏറെ പ്രചാരത്തിലുള്ള കണ്ണപ്പ എന്ന ശിവഭക്തന്റെ നാടോടിക്കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം മികച്ച കളക്ഷന്‍ നേടിയ ഈ ചിത്രം വിഷ്ണു മഞ്ചുവിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി മാറുകയാണ്.
story highlight: vishnu manchu kannappa