ദിലീപ് നായകനായ പ്രിൻസ് ആൻഡ് ഫാമിലി ഓടിടിയിലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്നു.ഒടിടി പ്ലാറ്റ്‌ഫോം ആയ സീ5 ലാണ് 100 മില്ല്യൺ സ്ട്രീമിങ് മിനിറ്റിൻ്റെ പിൻബലത്തോടെ ചിത്രം സ്ട്രീമിങ് തുടരുന്നത്. ഗൂഗിള്‍ ട്രെൻഡിങ് വിശദാംശങ്ങൾ പ്രകാരം ഈയാഴ്‌ച ഏറ്റവും കൂടുതൽ ആളുകൾ ഇൻ്റർനെറ്റിൽ തിരഞ്ഞ സിനിമ പ്രിൻസ് ആൻഡ് ഫാമിലി ആണ്. റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ ആണ് ചലച്ചിത്രം ഇങ്ങനെയൊരു നേട്ടം കരസ്ഥമാക്കിയത്.ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആൻ്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്.എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെ ചിത്രം വരച്ചുകാട്ടുന്നു. പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമയുടെ ആഖ്യാനരീതി. ചിത്രത്തിൽ ദിലീപിൻ്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പുതുമുഖ നായിക റാണിയ റാണയുടെയും കരിയറിൽ ഒരു പൊൻതൂവൽ ആയി മാറിയിരിക്കുകയാണ് ഈ ചിത്രം. ചിത്രത്തിൻ്റെ അൻപതാം ദിവസത്തെ വിജയാഘോഷം കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നു. മലയാളി ഫ്രം ഇന്ത്യ, ജനഗണമന തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബിൻ്റോ സ്റ്റീഫനാണ് സംവിധാനം.