ചുരുളി പോലെയുള്ള സിനിമ വന്നാല്‍ ഇനിയും ചെയ്യുമെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. പൂര്‍ണ്ണമായും തിരക്കഥ വായിച്ചശേഷമാണ് സിനിമയുടെ ഭാഗമായതെന്നും നടൻ പറഞ്ഞു. ചിത്രത്തില്‍ ഷാജീവന്‍ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും നടൻ വ്യക്തമാക്കി.
‘ചുരുളി’ തനിക്ക് പ്രിയപ്പെട്ട സിനിമയാണെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു. ചിത്രത്തിലെ അഭിനയത്തിന് തന്നെ സംബന്ധിച്ച് മികച്ച പ്രതിഫലം ലഭിച്ചിരുന്നു. കഴിഞ്ഞദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍.
‘എന്നെ സംബന്ധിച്ച് ‘ചുരുളി’ പ്രിയപ്പെട്ട സിനിമയാണ്. ലിജോ ചേട്ടന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. പ്രധാനവേഷത്തില്‍ അഭിനയിക്കാന്‍ പറ്റി. 18 ദിവസംകൊണ്ട് സിനിമ കഴിയുന്നു, ഏറെ ശ്രദ്ധിക്കപ്പെടുന്നു, ഇപ്പോഴും ‘ചുരുളി’ ആഘോഷിക്കപ്പെടുന്നു, ആളുകള്‍ തീയേറ്റര്‍ റിലീസ് ആവശ്യപ്പെടുന്നു. ഇന്ത്യയില്‍തന്നെ മികച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ പടത്തില്‍ പ്രധാനവേഷംചെയ്യാന്‍ പറ്റി. എന്നെ സംബന്ധിച്ച് നല്ല പ്രതിഫലം ലഭിച്ചിരുന്നു. പൂര്‍ണ്ണമായും തിരക്കഥ വായിച്ചിട്ടാണ് സിനിമയില്‍ അഭിനയിച്ചത്’, വിനയ് ഫോര്‍ട്ട് പറഞ്ഞു.
‘ജോജുവിനോട് എങ്ങനെയാണ് ആശയവിനിമയം ചെയ്തത് എന്ന് എനിക്കറിയില്ല. അതിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ പറ്റില്ല. ‘ചുരുളി’യില്‍ അഭിനയിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. നമ്മള്‍ ഇല്ലാതായാലും ‘ചുരുളി’ നിലനില്‍ക്കും. തിരക്കഥ വായിച്ചു. ലിജോ ചേട്ടന്‍ അവസരം തന്നു. അതില്‍ അഭിനയിക്കുക. സിനിമ ഏത് പ്ലാറ്റ്‌ഫോമില്‍ വരും, തീയേറ്ററില്‍ വരുമോ എന്നൊന്നും നമ്മള്‍ ആലോചിക്കേണ്ട കാര്യമില്ല’, വിനയ് അഭിപ്രായപ്പെട്ടു.
‘ചുരുളി പോലെയുള്ള സിനിമ വന്നാല്‍ ഇനിയും ചെയ്യും. ഞാനൊരു നടനല്ലേ, ഇങ്ങനത്തെ വേഷം ചെയ്യില്ല എന്ന് എനിക്ക് പറയാന്‍ പറ്റുമോ? ഇങ്ങനത്തെ വേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാനുള്ള അവകാശം എനിക്കില്ല. നന്മയുള്ള കഥാപാത്രങ്ങള്‍ എനിക്ക് കട്ട ബോറടിയാണ്. ഇതുവരെ ചെയ്യാത്ത വളരേ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നത്’, വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.