ലോകത്തിന്റെ നിലനിൽപ്പ് തന്നെ ഗർഭപാത്രമെന്ന ഈ അവയവത്തിൽ നിന്നാണ്. ഒരു ജീവൻ രൂപപ്പെടുന്ന ഈ അറയെ കുറിച്ച് കൂടുതൽ അറിയാം..
ഗര്‍ഭപാത്രം പ്രത്യുത്പാദനത്തിന് മാത്രമുള്ള ഒരു അവയവം ആണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. അതായത്, ഗര്‍ഭസ്ഥശിശുവിന് വളരാനുള്ള ഇടം. ഒരു സ്ത്രീ ഗര്‍ഭിണി ആയില്ലെങ്കില്‍ പോലും അവരുടെ ആര്‍ത്തവ ചക്രത്തിലും ഹോര്‍മോണ്‍ നിയന്ത്രണത്തിലും എല്ലാം നിര്‍ണായക പങ്കുവഹിക്കുന്നത് ഗര്‍ഭപാത്രമാണ്.
ഗര്‍ഭപാത്രത്തിലെ മൂന്ന് അടരുകള്‍ അത്രയേറെ സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ചാണ് സ്ത്രീകളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് വേണമെങ്കില്‍ പറയാം. എന്‍ഡോമെട്രിയം, മയോമെട്രിയം, പെരിമെട്രിയം എന്നിവയാണ് അവ. ഗര്‍ഭധാരണം, ആര്‍ത്തവം, ആര്‍ത്തവിരാമം തുടങ്ങിയവയിലെല്ലാം ഈ മൂന്ന് അടരുകളുടെ ഏകോപിപ്പിക്കപ്പെട്ട പ്രവര്‍ത്തനം നിര്‍ണായകമാണ്.
ഗര്‍ഭപാത്രത്തിന് വികസിക്കാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ ആരും എതിര്‍ക്കുകയൊന്നും ഇല്ല. എന്നാല്‍ സാധാരണ വലിപ്പത്തില്‍ നിന്ന് അതിന്റെ അഞ്ഞൂറ് ഇരട്ടി വരെ വികസിക്കാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ ആരും ഒന്ന് സംശയിക്കും. എന്നാല്‍ സംശയിക്കണ്ട, അങ്ങനെ ഒരു ശേഷി കൂടിയുണ്ട് ഗര്‍ഭപാത്രത്തിന്. ഇങ്ങനെ വികസിക്കുക മാത്രമല്ല, പിന്നീട് പഴയ നിലയിലേക്ക് ചുരുങ്ങാനും ഗര്‍ഭപാത്രത്തിന് കഴിയും.
ഗര്‍ഭപാത്രത്തിലെ പേശികള്‍ (മസിലുകള്‍) വെറും പേശികളെന്ന് കരുതരുത്. പ്രസവസമയത്ത് ഈ പേശികളുടെ സങ്കോച-വികാസങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. മനുഷ്യശരീരത്തിലെ തന്നെ തന്നെ ഏറ്റവും ശക്തമായ മസില്‍ മൂവ്‌മെന്റ് ആണ് ഇത് എന്നാണ് പറയപ്പെടുന്നത്. കുഞ്ഞിനെ പുറത്തേത്തിക്കാന്‍, ഗര്‍ഭപാത്രത്തിന് അങ്ങനെയൊക്കെ ചെയ്‌തേ മതിയാവൂ.
ബീജസങ്കലനം പ്രതീക്ഷിച്ച് എല്ലാ മാസവും ഗര്‍ഭാശയം എന്‍ഡോമെട്രിയം എന്ന ലെയര്‍ നിര്‍മിക്കും. ബീജസങ്കലനം നടന്നില്ലെങ്കില്‍ ഇത് ആര്‍ത്തവരക്തത്തോടൊപ്പം പുറത്ത് പോവുകയും ചെയ്യും. ആര്‍ത്തവകാലം സ്ത്രീകളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെങ്കിലും ശരീരത്തിലെ ഹോര്‍മോണല്‍ ബാലന്‍സിന് അത് അത്യാന്താപേക്ഷിതമാണ്.
എല്ലാ സ്ത്രീകളുടേയും ഗര്‍ഭപാത്രങ്ങള്‍ ഒരേ പൊസിഷനില്‍ തന്നെ ആയിരിക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. ചിലപ്പോള്‍ പിറകിലേക്കോ മുന്നിലേക്കോ ഒക്കെ നീങ്ങിയിരിക്കുന്ന അവസ്ഥയില്‍ ഉണ്ടാകാം. അതില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ല.
ചില സമയത്ത് ഗര്‍ഭപാത്രം മനുഷ്യരെ പറ്റിച്ചുകളയുക വരെ ചെയ്യും. ഗര്‍ഭധാരണം സംഭവിക്കാതെ തന്നെ ഗര്‍ഭിണിയായതുപോലെയുള്ള സൂചനകള്‍ തന്നുകളയും. ആര്‍ത്തവം തെറ്റിപ്പോകും, ബ്ലോട്ടിങ് സംഭവിക്കും, ചിലപ്പോള്‍ ഗര്‍ഭിണികളെ പോയെ വയറും വീര്‍പ്പിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഗര്‍ഭപാത്രത്തെ മാത്രം കുറ്റം പറയാന്‍ പറ്റില്ല, മാനസികമായ ചില ഘടകങ്ങളും ഹോര്‍മോണ്‍ മാറ്റങ്ങളും ഒക്കെയാണ് ഗര്‍ഭപാത്രത്തെ ഇതിന് പ്രേരിപ്പിക്കുന്നത്.