തമിഴകത്തിന്റെ രണ്ട് സൂപ്പര്‍ താരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ഇരുവര്‍ക്കും കോളിവുഡില്‍ ഒരുപാട് ആരാധകരുമുണ്ട്. ഇപ്പോഴിതാ ഓഹോ എന്തന്‍ ബേബി എന്ന സിനിമയുടെ പ്രീ റിലീസ് പരിപാടിക്കിടയില്‍ കാര്‍ത്തി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു കുട്ടി മതി എന്ന ട്രെന്‍ഡിലേക്കാണ് പോകുന്നതെന്നും എന്നാല്‍ ഒരു ചേട്ടന്‍ ഉള്ളത് ഭാഗ്യമാണെന്നും പറയുകയാണ് കാര്‍ത്തി. അച്ഛന്‍ കൈയിലാണ് പിടിക്കുന്നതെങ്കില്‍ ചേട്ടന്‍ തോളിലാണ് കയറ്റി വയ്ക്കുന്നതെന്നും കാര്‍ത്തി പറഞ്ഞു.
കാര്‍ത്തിയുടെ വാക്കുകള്‍….
‘ഒരു ചേട്ടന്‍ ഉണ്ടാവുക എന്ന് പറയുന്നത് വളരെ സ്‌പെഷ്യലായ ഒന്നാണ്. ഇപ്പോള്‍ എല്ലാവരും ഒരു കുട്ടി എന്ന ട്രെന്‍ഡിലേക്കാണ് പോകുന്നത്. എന്നാല്‍ ഒരു ചേട്ടന്‍ ഉണ്ടാവുക എന്നത് വലിയ കാര്യമാണ്. അച്ഛന്‍ കൈയിലാണ് പിടിക്കുന്നതെങ്കില്‍ ചേട്ടന്‍ തോളിലാണ് കയറ്റി വയ്ക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ വളരെ ഭാഗ്യം ചെയ്ത ഒരാളാണ്. ഞാന്‍ എന്റെ ചേട്ടനില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഇത്രയധികം കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ശരിക്കും ഭാഗ്യവാനാണ്. അവര്‍ നന്നായിരിക്കുന്നുണ്ടോ എന്നൊക്കെ അവര്‍ ശ്രദ്ധിക്കും. നമ്മളെക്കുറിച്ച് നമ്മള്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാകും. ഞാന്‍ സിനിമയില്‍ ആദ്യമായെത്തിയപ്പോള്‍ തന്നെ എനിക്ക് ഒരുപാട് പേരുടെ സ്‌നേഹം ലഭിച്ചു. അതിന് കാരണം എന്റെ ചേട്ടനാണ്. അതുകൊണ്ടാണ് സിനിമയിലേക്ക് പുതുമുഖങ്ങളായെത്തുന്നവരെ ഞാനും പ്രോത്സാഹിപ്പിക്കുന്നത്,’
വിഷ്ണു വിശാലിന്റെ ഇളയ സഹോദരന്‍ രുദ്രയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഓഹോ എന്തന്‍ ബേബി. വിഷ്ണു വിശാലും റോമിയോ പിക്ചേഴ്സിന്റെ രാഹുലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മിഥില പാല്‍ക്കര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി താരമായ അഞ്ജു കുര്യന്‍, മിഷ്‌കിന്‍, റെഡിന്‍ കിങ്സ്ലി എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.