ബോളിവുഡില്‍ ഏറെ ആരാധകരുളള സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. ഇപ്പോഴിതാ കരിയറില്‍ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ അധോലോകത്തിന്റെ ക്ഷണം തനിക്ക് വന്നിരുന്നുവെന്നും എന്നാല്‍ അത് നിരസിച്ചുവെന്നും തുറന്ന് പറയുകയാണ് ആമിര്‍ ഖാന്‍. 1990-കളില്‍ വിദേശത്ത് അധോലോക സംഘം സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ക്ഷണം ലഭിച്ചിരുന്നത്. ‘ദി ലല്ലന്‍ടോപ്പ്’ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ആമിര്‍ ഖാന്റെ വാക്കുകള്‍…..
‘ദുബായില്‍, നടക്കുന്ന ഒരു പാര്‍ട്ടിയിലേക്ക് എന്നെ ക്ഷണിക്കാന്‍ അധോലോകത്തില്‍ നിന്നുള്ള ചിലര്‍ സന്ദര്‍ശിച്ചിരുന്നു. അവര്‍ ഒരുപാട് ശ്രമിച്ചു. എനിക്ക് പണവും എന്റെ ഇഷ്ടാനുസരണം ഏത് സിനിമയും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. ഞാന്‍ വഴങ്ങിയില്ല. ഞാന്‍ ആ പാര്‍ട്ടിയില്‍ പങ്കെടുക്കും എന്ന് ഇതിനോടകം അവര്‍ പ്രഖ്യാപിച്ചതിനാല്‍ അത് അവര്‍ക്ക് അഭിമാനപ്രശ്‌നമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഞാന്‍ അവരോട് വ്യക്തമായി പറഞ്ഞു. ‘എന്റെ ജീവിതം നിങ്ങളുടെ ഇഷ്ടപ്രകാരം ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ വഴിയെ വരാന്‍ ഞാന്‍ തയ്യാറല്ല.’ ഒരു മാസത്തോളം നിരന്തരം അവര്‍ എന്നെ കാണാന്‍ വന്നെങ്കിലും, ഞാന്‍ ആദ്യത്തെ നിലപാടില്‍ തന്നെയായിരുന്നു. നിങ്ങള്‍ക്ക് എന്നെ മര്‍ദ്ദിക്കാം, കൈകാലുകള്‍ കെട്ടി ബലമായി കൊണ്ടുപോകാം, പക്ഷേ ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം വരില്ല. ഞാനുമായി അവര്‍ നടത്തിയ അവസാന കൂടിക്കാഴ്ച്ച അതായിരുന്നു. അതിനുശേഷം അവര്‍ എന്നെ വിളിച്ചിട്ടില്ല. എന്നാല്‍, ഈ സംഭവം വല്ലാതെ ഭയപ്പെടുത്തിയിരുന്നു, എന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ഓര്‍ത്തിട്ട്. എന്റെ മാതാപിതാക്കള്‍ വളരെ ആശങ്കാകുലരായിരുന്നു. ‘നീ എന്താണ് ചെയ്യുന്നത്? അവര്‍ വളരെ അപകടകാരികളാണ് എന്ന് അവര്‍ പറഞ്ഞു.’
അതേസമയം, ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് സിത്താരെ സമീന്‍ പര്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. സിനിമ ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ 100 കോടി കളക്ട് ചെയ്തിട്ടുണ്ട്. ഒരു ബാസ്‌കറ്റ്ബോള്‍ കോച്ചിന്റെ വേഷത്തിലാണ് ആമിര്‍ ഖാന്‍ സിനിമയിലെത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആര്‍ എസ് പ്രസന്നയാണ്. ദിവ്യ നിധി ശര്‍മ്മ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ആമിര്‍ ഖാനും അപര്‍ണ പുരോഹിതും ചേര്‍ന്നാണ്. ചിത്രത്തില്‍ ജെനീലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.