മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ് അനുപമ പരമേശ്വരന്‍. എന്നാല്‍ മലയാളത്തില്‍ നിന്നും ട്രോളുകളും പരിഹാസങ്ങളും അല്ലാതെ വേണ്ട പരിഗണന കിട്ടിയിട്ടില്ലെന്നും നടി അടുത്തിടെ പറഞ്ഞിരുന്നു. പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനുപമ. മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും അനുപമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വലിയ സെന്‍സേഷനായി മാറിയ സിനിമയാണ് പ്രദീപ് രംഗനാഥന്റെ ഡ്രാഗണ്‍. ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച കീര്‍ത്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് അനുപമ.
അനുപമയുടെ വാക്കുകള്‍….
‘ഒരുപാട് പേര്‍ അഭിനന്ദിച്ച കഥാപാത്രമാണ് ഡ്രാഗണിലെ കീര്‍ത്തി. സംവിധായകന്‍ എന്താണ് ആ കഥാപാത്രത്തിലൂടെ ഉദ്ദേശിച്ചത് അത് നടന്നു. ആ കഥാപാത്രത്തിന് ഉറപ്പായിട്ടും ഒരു ഇമ്പാക്ട് ഉണ്ടാക്കാനായിട്ടുണ്ട്. ഒരു നല്ല റോള്‍ ആണെങ്കില്‍ അത് ഉറപ്പായും പ്രേക്ഷകരുടെ ഉള്ളിലുണ്ടാകും. ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തു അഭിനയിച്ച കഥാപാത്രമാണ് അത്. തേപ്പുകാരി എന്ന സ്റ്റീരിയോടൈപ്പിനെ ഡ്രാഗണിലെ കഥാപാത്രം പൊളിച്ചെഴുതി’.
ബോക്‌സ് ഓഫീസില്‍ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. 108.54 കോടിയാണ് ഡ്രാഗണിന്റെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍. അതേസമയം, ഓവര്‍സീസില്‍ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷന്‍ 140 കോടിയാണ്. അശ്വത് മാരിമുത്തുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കയതു ലോഹര്‍, ഗൗതം വാസുദേവ് മേനോന്‍, ജോര്‍ജ് മരിയന്‍, കെ എസ് രവികുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എന്റര്‍ടൈയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയാണിത്. കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ്, കല്‍പ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിര്‍മാതാക്കള്‍.