വെട്രിമാരന്‍-സൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വാടിവാസല്‍ എന്ന സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കികൊണ്ട് ചിത്രം ഉപേക്ഷിച്ചു എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍.
വെട്രിമാരന്‍ പറഞ്ഞത്….
‘സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകുന്നതിലെ താമസവും അഭിനേതാക്കളുടെയും മറ്റു ടീമംഗങ്ങളുടെയും സുരക്ഷയ്ക്കായി ചില കാര്യങ്ങള്‍ കൂടി ഉറപ്പുവരുത്തേണ്ടത് ഉണ്ട് എന്നത് കൊണ്ട് കൂടിയാണ് സിനിമ വൈകുന്നത്. വാടിവാസലിനായി ഒരുപാട് നാള്‍ കാത്തിരിക്കണമെന്നത് കൊണ്ടാണ് ഇപ്പോള്‍ സിലമ്പരശന്‍ സിനിമയിലേക്ക് കടന്നത്’.
അതെസമയം വാടിവാസല്‍ പൂര്‍ണമായും ഉപേക്ഷിച്ചുവെന്ന ഔദ്യോഗിക അപ്ഡേറ്റുകളൊന്നും നിര്‍മ്മാതാക്കളുടെ ഭാഗത്തു നിന്ന് ഇതുവരെ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രതീക്ഷ കൈവിടാതെ ഇരിക്കുകയാണ് സൂര്യ ആരാധകര്‍. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സൂര്യ ഇപ്പോള്‍.
എന്നാല്‍ സിലമ്പരശനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ വെട്രിമാരന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. കലൈപുലി എസ് താനു ആണ് സിനിമ നിര്‍മിക്കുന്നത്.