ഒരു യാത്ര മനോഹരമാക്കുന്നത് അവിടെയുള്ള സ്ഥലങ്ങൾ മാത്രമല്ല സഞ്ചാരികൾക്ക് അവിടെ നിന്ന് ലഭിക്കുന്ന സുരക്ഷിതത്വവും സമാധാനവും ആണ്. സമാധാനപരമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇടങ്ങളാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ‘ഗ്ലോബൽ പീസ് ഇൻഡെക്സ് 2025’ പരിശോധിക്കുന്നത് നല്ലതായിരിക്കും.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (IEP) തയ്യാറാക്കിയ ഈ റിപ്പോർട്ട്, ലോകത്തിലെ സമാധാനപരമായ രാജ്യങ്ങളുടെ പ്രധാന അളവുകോലാണ്. ലോക ജനസംഖ്യയുടെ 99.7 ശതമാനം ഉൾക്കൊള്ളുന്ന 163 രാജ്യങ്ങളെ ഇത് വിലയിരുത്തുന്നു.
സാമൂഹിക സുരക്ഷയുടെയും ഭദ്രതയുടെയും നിലവാരം, നിലവിലുള്ള ആഭ്യന്തര, അന്താരാഷ്ട്ര സംഘർഷങ്ങളുടെ വ്യാപ്തി, സൈനികവൽക്കരണത്തിന്റെ തോത് എന്നീ മൂന്ന് പ്രധാന മേഖലകളിലെ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ വിലയിരുത്തുന്നത്. ഒരു രാജ്യത്തിന്റെ സ്കോർ എത്ര കുറയുന്നോ, അത് അത്രത്തോളം സമാധാനപരമായി കണക്കാക്കുന്നു.163-ാം റാങ്കോടെ ഏറ്റവും സമാധാനമില്ലാത്ത രാജ്യം റഷ്യയാണ്. ഇന്ത്യയുടെ റാങ്ക് 115 ആണ്.
1. ഐസ്‌ലൻഡ് (സ്കോർ: 1.095)
ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമെന്ന സ്ഥാനം ഐസ്‌ലൻഡ് നിലനിർത്തി. 2008 മുതൽ ഈ സ്ഥാനം ഐസ്‌ലൻഡിനാണുള്ളത്. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച സമൂഹം എന്നിവയ്ക്ക് പേരുകേട്ട ഇവിടെ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ കേട്ടുകേൾവി പോലുമില്ല. ഐസ്‌ലൻഡ് പോലീസ് തോക്കുകൾ ഉപയോഗിക്കാറില്ല എന്നതാണ് രസകരമായൊരു കാര്യം. കുട്ടികൾ യാതൊരു സുരക്ഷാഭീഷണിയും കൂടാതെ രാത്രിയാവോളം പുറത്ത് വിനോദങ്ങളിൽ ഏര്‍പ്പെടാറുമുണ്ട്.
2. അയർലൻഡ് (സ്കോർ: 1.260)
കുറഞ്ഞ ആഭ്യന്തര സംഘർഷങ്ങൾ, സുസ്ഥിരമായ രാഷ്ട്രീയ സാഹചര്യം, സമാധാനപരമായ അന്താരാഷ്ട്ര ബന്ധങ്ങൾ, കുറഞ്ഞ കുറ്റകൃത്യ നിരക്ക് എന്നിവ കാരണം അയർലൻഡ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഭീകരവാദം ഏതാണ്ട് ഇല്ലാത്തതിനാൽ സുരക്ഷിതമായ യാത്രാസ്ഥലം എന്ന ഖ്യാതി വർധിപ്പിക്കുന്നു.
3. ന്യൂസിലാൻഡ് (സ്കോർ: 1.282)
മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന ന്യൂസിലാൻഡ്, ലോകത്തിലെ മൂന്നാമത്തെ ഏറ്റവും സമാധാനപരമായ രാജ്യമാണ്. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, അക്രമ സംഭവങ്ങൾ കുറവ്, ശക്തമായ സാമൂഹിക സുരക്ഷയും ഭദ്രതയും എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ രാജ്യം.
4. ഓസ്ട്രിയ (സ്കോർ: 1.294)
ശക്തമായ സമ്പദ്‌വ്യവസ്ഥ, സമഗ്രമായ സാമൂഹിക സംവിധാനങ്ങൾ, ഉയർന്ന വിദ്യാഭ്യാസ നിലവാരം, കുറഞ്ഞ കുറ്റകൃത്യ നിരക്ക് എന്നിവയെല്ലാം അടങ്ങുന്ന മികച്ച ജീവിത നിലവാരമാണ് ഓസ്ട്രിയ വാഗ്ദാനം ചെയ്യുന്നത്. താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആശങ്കകളില്ലാത്തതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഈ ഘടകങ്ങളെല്ലാം സഹായിക്കുന്നു.
5. സ്വിറ്റ്സർലൻഡ് (സ്കോർ: 1.294)
ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളിൽ ഒന്നായി സ്ഥിരമായി സ്വിറ്റ്സർലൻഡ് നിലകൊള്ളുന്നു. സുസ്ഥിരമായ ജനാധിപത്യത്തിനും അന്താരാഷ്ട്ര സഹകരണത്തോടുള്ള പ്രതിബദ്ധതയ്ക്കും ഈ രാജ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നു.
6. സിങ്കപ്പൂർ (സ്കോർ: 1.357)
ഗ്ലോബൽ പീസ് ഇൻഡെക്സ് 2025-ന്റെ ആദ്യ പത്തിൽ ഉൾപ്പെടുന്ന ഏക ഏഷ്യൻ രാജ്യമാണ് സിങ്കപ്പൂർ. കർശനമായ നിയമങ്ങൾ, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മികച്ച പൊതു സുരക്ഷയും എല്ലാവർക്കും സമാധാനവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നു.
7. പോർച്ചുഗൽ (സ്കോർ: 1.371)
കുറഞ്ഞ കുറ്റകൃത്യ നിരക്ക്, സാമൂഹിക സ്ഥിരത എന്നിവയ്ക്ക് പോർച്ചുഗൽ പ്രശസ്തമാണ്. മികച്ച ഭവനം, ജോലി-ജീവിത സന്തുലിതാവസ്ഥ, വ്യക്തിഗത സുരക്ഷ, പരിസ്ഥിതിയുടെ നിലവാരം എന്നിവ കാരണം ആളുകൾ ഉയർന്ന ജീവിത നിലവാരം ആസ്വദിക്കുന്നു. യൂറോപ്പിലെ ഏറ്റവും താങ്ങാവുന്ന യാത്രാ സ്ഥലങ്ങളിൽ ഒന്നായി ഇത് തുടരുന്നു.
8. ഡെൻമാർക്ക് (സ്കോർ: 1.393)
സമാധാനപരമായ സമൂഹം, സമത്വം, സുസ്ഥിരത എന്നിവയ്ക്ക് ഡെൻമാർക്ക് ആഗോളതലത്തിൽ അറിയപ്പെടുന്നു. അതിന്റെ രാഷ്ട്രീയ സ്ഥിരത, മനുഷ്യാവകാശങ്ങളോടുള്ള ആദരവ്, കുറഞ്ഞ അക്രമങ്ങൾ എന്നിവ ഉയർന്ന സുരക്ഷാ നിലവാരങ്ങൾക്ക് കാരണമാകുന്നു.
9. സ്ലോവേനിയ (സ്കോർ: 1.409)
പ്രകൃതി സൗന്ദര്യവും സമാധാനവും സുരക്ഷയും സംയോജിക്കുന്നതാണ് സ്ലോവേനിയ. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, സൗഹൃദപരമായ അന്തരീക്ഷം എന്നിവയാൽ ഈ രാജ്യം മനോഹരമായ കാഴ്ചകളും സുരക്ഷിത അന്തരീക്ഷവും എല്ലാവർക്കും വാഗ്ദാനം ചെയ്യുന്നു.
10. ഫിൻലാൻഡ് (സ്കോർ: 1.420)
വേൾഡ് ഹാപ്പിനെസ് ഇൻഡെക്സിൽ പലപ്പോഴും ഒന്നാം സ്ഥാനത്തെത്തുന്ന ഫിൻലാൻഡ് ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളിൽ ഒന്നാണ്. ശുദ്ധവായു, ശുദ്ധജലം, സമാധാനപരമായ ജീവിതം എന്നിങ്ങനെയുള്ള ലളിതമായ സന്തോഷങ്ങളാൽ ഇവിടെ സമ്പന്നമാണ്. ഇത് ശാന്തവും സംതൃപ്തി നിറഞ്ഞതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.