മോഹൻലാൽ-ശ്രീനിവാസൻ കോംബോ സൂപ്പർ ഹിറ്റ് ചിത്രമായ ഉദയനാണ് താരം ഇതാ വീണ്ടും ആരാധകർക്ക് മുന്നിൽ. റോഷൻ ആൻഡ്രൂസ് ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. മുകേഷ്, മീന, ജഗതി, സലീംകുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്.
എക്കാലത്തെയും മികച്ച ചിത്രമാണ് ഉദയനാണ് താരം. 20 വര്‍ഷത്തിനുശേഷം 4K ദൃശ്യ മികവോടെയാണ് ചിത്രം എത്തുന്നത്. ജൂലൈ 18നാണ് ചിത്രം തിയറ്ററുകളിലെത്തുക. റിലീസ് വേളയിൽ ബോക്സ് ഓഫിസിൽ മികച്ച വിജയം നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.
പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉദയനാണ് താരം സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ പടമാണ്. കാൾട്ടൺ ഫിലിംസിന്‍റെ ബാനറിൽ സി.കരുണാകരനാണ് ചിത്രം നിർമിച്ചത്. ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്.
2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്. ദീപക് ദേവിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ‘കരളേ, കരളിന്റെ കരളേ’ എന്ന ഗാനം ഉള്‍പ്പടെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളുമായി മികച്ച പ്രേക്ഷക- നിരൂപക ശ്രദ്ധനേടിയ ചിത്രവുമാണ് ഉദയനാണ് താരം.