സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിലപാടില്‍ പ്രതികരിച്ച് നടനും നിര്‍മാതാവുമായ മണിയന്‍പ്പിളള രാജു. ജാനകിയെന്ന പേര് ഇടാന്‍ പറ്റില്ലെന്ന സെന്‍സര്‍ ബോര്‍ഡ് നിലപാട് വളരെ മോശമായ കാര്യമാണെന്ന് മണിയന്‍പ്പിളള രാജു പറഞ്ഞു. ചിത്രാഞ്ജലിയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മണിയന്‍പ്പിളള രാജു പറഞ്ഞത്…..
‘ജാനകി എന്ന പേര് ഇടാന്‍ പറ്റില്ലെന്നുളളത് വളരെ മോശമായ കാര്യമാണ് . അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്ത ക്രൂരമായ കാര്യമായി പോയിത്. ഇങ്ങനെയാണേല്‍ നാരായണന്‍, വിഷ്ണു എന്നൊന്നും ഒരു കഥാപാത്രത്തിന് പേര് ഇടാന്‍ പറ്റില്ലല്ലോ. ഇതിനെ സിനിമ ഒന്നടങ്കം എതിര്‍ക്കണം. ഇന്ന് ഇത് അനുവദിച്ച് കഴിഞ്ഞാല്‍ നാളെ സിനിമയോ കലാപ്രവര്‍ത്തനങ്ങളോ ഒന്നും ഉണ്ടാകില്ല. ഇത് അംഗീകരിച്ച് കൊടുക്കാന്‍ പറ്റില്ല. ഞങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കാര്യം ഇങ്ങനെയാണെങ്കില്‍ ബാക്കി ഉളളവരുടെ കാര്യം ആലോചിച്ചേ.’
അതേസമയം, ജാനകി എന്ന പേര് മതപരമായോ വര്‍ഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ജാനകി എന്ന പേരിലെന്താണ് കുഴപ്പം. ഇന്ത്യയില്‍ 80 ശതമാനം പേരുകളും മതപരമായി ഉള്ളതാണ്. മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിന്റെ നാമങ്ങളാണ്. ജാനകിക്ക് എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് മറുപടി പറയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസില്‍ വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.