അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് പുറത്ത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ഫാന്റസി–കോമഡി ജോണർ ചിത്രത്തിൽ നിവിൻപോളി ആണ് നായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവരും.
ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സർവം മായ എന്നാണ് സിനിമയുടെ ടൈറ്റിൽ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചിത്രം ക്രിസ്മസിന് തിയേറ്ററിൽ എത്തുമെന്നാണ് വിവരം. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്.
റിയ ഷിബു, ജനാർദ്ദനൻ, പ്രീതി മുകുന്ദൻ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. അതേസമയം, ബേബി ഗേൾ, ഡോൾബി ദിനേശൻ, യേഴു കടല്‍ യേഴു മലൈ, മള്‍ട്ടിവേഴ്‌സ് മന്മഥൻ തുടങ്ങിയ ചിത്രങ്ങള്‍ നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ബേബി ഗേൾ ഗരുഡനിലൂടെ ശ്രദ്ധേയനായ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വിനായക അജിത്ത് നിര്‍മിച്ച് താമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോൾബി ദിനേശൻ.