തൊണ്ണൂറുകളിലെ സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്നു രൂപിണി.
ഐ.വി.ശശി-എംടി ടീമിന്റെ മിഥ്യ മുതല്‍ വിജി തമ്പിയുടെ ‘കുണുക്കിട്ട കോഴി’ അടക്കം നിരവധി ചിത്രങ്ങള്‍. ഹിന്ദി, തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നിങ്ങനെ അഞ്ചു ഭാഷകളില്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്ന നടിയാണ് രൂപിണി. എന്നാല്‍ ഒരു ദിവസം സിനിമ ജീവിതത്തില്‍ നിന്ന് ഇറങ്ങി പോയ രൂപിണിയെ പിന്നീട് ആരും കണ്ടിട്ടില്ല. എന്നാല്‍ സിനിമയേക്കാള്‍ വലിയ സ്വപ്നങ്ങള്‍ക്ക് പിന്നാലെയുളള യാത്രയിലായിരുന്നു അവര്‍. വിദ്യാഭ്യാസത്തിന് പരമപ്രാധാന്യം നല്‍കുന്ന ഒരു കുടുംബാന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന രൂപിണിക്ക് സിനിമ മാത്രമായിരുന്നില്ല ജീവിതം.
1989ല്‍ മോഹന്‍ലാല്‍ നായകനായ ‘നാടുവാഴികള്‍’ എന്ന ജോഷി
ചിത്രത്തിലുടെ അവര്‍ മലയാളത്തിലും നായികയായി അരങ്ങേറി.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകി
റോസ്മേരിയുടെ റോളിലാണ് അവര്‍ വന്നത്. അക്കാലത്തെ ഏറ്റവും
വലിയ ബാനറായ സെവന്‍ ആര്‍ട്സിന്റെ ചിത്രമായിരുന്നു നാടുവാഴികള്‍.
പിന്നീട് മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായി
‘മിഥ്യ’ എന്ന പടത്തില്‍ വന്നെങ്കിലും സിനിമ ബോക്സ്ഓഫിസ് വിജയം നേടാനായില്ല. എന്നാല്‍ രൂപിണിയുടെ തുടക്കം രാജകീയമായിരുന്നു. അന്നത്തെ സ്റ്റാര്‍ ഡയറക്ടര്‍ ഐ.വി.ശശിയും എം.ടി.വാസുദേവന്‍ നായര്‍ എന്ന അതികായനും ചേര്‍ന്ന് ഒരുക്കിയ ചിത്രമായിരുന്നു ‘മിഥ്യ’.
മോഹന്‍ലാലിനൊപ്പം നാടോടി എന്ന ചിത്രത്തില്‍ ക്ലാസിക്കല്‍ ഡാന്‍സറായി രൂപിണി വീണ്ടും പ്രത്യക്ഷപ്പെട്ടു. ലാല്‍ -രൂപിണീ ടീം വീണ്ടും വിജയം ആവര്‍ത്തിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും മലയാളത്തിലെ തിരക്കുളള നായികമാരില്‍ ഒരാളായി അവര്‍ വളര്‍ന്നില്ല. ശ്രീകുമാരന്‍ തമ്പിയുടെ ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന സിനിമയില്‍ നായികയായി അഭിനയിച്ച രൂപിണിയെ പിന്നീട് മലയാളത്തില്‍ കണ്ടില്ല. എഴുപതോളം സിനിമകളില്‍ അഭിനയിച്ച രൂപിണിയെ ഏറ്റവും ഒടുവില്‍ കണ്ടത് ‘താമരൈ’ എന്ന തമിഴ് ചിത്രത്തിലാണ്. 1995 മുതല്‍ അവര്‍ സിനിമകളില്‍ നിന്ന് വിട്ടു നിന്നു.
സിനിമയില്‍ തിരക്ക് കുറഞ്ഞതു കൊണ്ടും വിദ്യാഭ്യാസത്തിന് മുന്‍തൂക്കം കൊടുക്കുന്ന കുടുംബത്തിന്റെ പ്രേരണയും സ്വന്തം താത്പര്യങ്ങളും കൂടി ചേര്‍ത്തു വച്ച രൂപിണി യു.എസിലേക്ക് പോയി. അവിടെ നിന്നും നാച്ചുറോപ്പതിയില്‍ നാല് വര്‍ഷത്തെ പഠനവും പരിശീലനവും കഴിഞ്ഞു വന്ന രൂപിണി മുംബൈയില്‍ യൂണിവേഴ്സല്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ എന്ന സ്ഥാപനം തുടങ്ങി. ഇതിനിടയില്‍ മോഹന്‍കുമാറിനെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്കും കടന്നു. അനീഷ എന്ന ഒരു മകള്‍ കൂടി ജനിച്ചതോടെ പത്ത് വര്‍ഷത്തോളം അവര്‍ കലാപ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്നു. മകള്‍ അനീഷയുടെ വളര്‍ച്ചയും പഠനവും മെഡിക്കല്‍ രംഗത്തെ പ്രവര്‍ത്തനങ്ങളുമായി രൂപിണി ഒതുങ്ങിക്കൂടി.