2024ല്‍ ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും വയലന്റ് ആക്ഷന്‍സുള്ള ചിത്രമാണ് മാര്‍ക്കോ. ഇപ്പോഴിതാ മാര്‍ക്കോയുടെ രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ക്യൂബ്സ് എന്‍ടെര്‍ടെയ്ന്‍മെന്റ്.
നിര്‍മാതാക്കള്‍ പറഞ്ഞത് ഇങ്ങനെ…
‘മാര്‍ക്കോയ്ക്ക് നിങ്ങള്‍ നല്‍കിയ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാര്‍ക്കോ സീരീസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന് മാത്രമാണ് മാര്‍ക്കോയുടെ എല്ലാ അവകാശങ്ങളും ഉള്ളത്, മാര്‍ക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ശ്രദ്ധിക്കുക, ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങള്‍ കൈമാറ്റം ചെയ്യാനോ പങ്കുവയ്ക്കാനോ ഞങ്ങള്‍ തയ്യാറല്ല,’
മാര്‍ക്കോ 2 ഉണ്ടാകണം, ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്റ്സിനു പറ്റില്ലെങ്കില്‍ മറ്റൊരു പ്രൊഡക്ഷന്‍ ടീമിനെവച്ച് ചിത്രം ചെയ്യണം’ എന്ന ആരാധകന്റെ കമന്റിന് മറുപടിയായാണ് നിര്‍മാതാക്കളുടെ ഈ വെളിപ്പെടുത്തല്‍.
തിയേറ്ററുകളില്‍ വലിയ വിജയമായ ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. മാര്‍ക്കോയുടെ തുടര്‍ച്ച അതിനേക്കാള്‍ വലിയ കാന്‍വാസില്‍ വരുമെന്നാണ് അണിയറക്കാര്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ മാര്‍ക്കോ സീരീസ് ഉപേക്ഷിക്കുകയാണെന്ന് അടുത്തിടെ നായകനായ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.
എന്നാല്‍ മാര്‍ക്കോ 2വിനെ കുറിച്ചുള്ള ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഇപ്പോള്‍ വന്നിരിക്കുന്ന മറുപടി വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. സിനിമയുടെ കാര്യത്തില്‍ ഉണ്ണി മുകുന്ദനും നിര്‍മാതാക്കളും രണ്ട് തട്ടിലാണോ എന്നും ചോദ്യങ്ങളും ഉയരുന്നുണ്ട്.