ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത് ധനുഷും നാഗാര്‍ജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് കുബേര. ഗംഭീര പ്രകടനമാണ് സിനിമയില്‍ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങള്‍. മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ചിത്രം 124.60 കോടി രൂപയിലധികം ആഗോള ഗ്രോസ് കളക്ഷന്‍ നേടിയപ്പോള്‍ വിദേശത്ത് മാത്രം ഇതുവരെ 30.80 കോടിയോളം ചിത്രം നേടിയിട്ടുണ്ട് എന്നത് കുബേരയുടെ കുതിപ്പിനെ സൂചിപ്പിക്കുന്നതാണ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് നിരൂപകരും വലിയ പ്രശംസയാണ് നല്‍കുന്നത്.
ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിച്ചത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചു. തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഇന്ത്യക്ക് പുറമെ വിദേശത്തും വമ്പന്‍ പ്രതികരണമാണ് നേടുന്നത്. നോര്‍ത്ത് അമേരിക്കയില്‍ ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസ്സര്‍ ആയി ‘കുബേര’ മാറിയെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇറങ്ങുന്ന ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണ് കുബേര. ആദ്യ ചിത്രമായ ‘നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം’ തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. ബോക്സ് ഓഫീസ് കളക്ഷനിലും സിനിമ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.
ധനുഷിനൊപ്പം തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദനയാണ്. ബോളിവുഡ് നടന്‍ ജിം സര്‍ഭ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നികേത് ബൊമ്മി, എഡിറ്റര്‍ കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം ദേവിശ്രീ പ്രസാദ്.