ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങി പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രമാണ് ‘വട ചെന്നൈ’. നിരവധി വേദികളില്‍ വെച്ച് വെട്രിമാരനോടും ധനുഷിനോടും വടചെന്നൈ 2 വിനെപ്പറ്റി ആരാധകര്‍ ചോദിച്ചെങ്കിലും അപ്‌ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ വെട്രിമാരന്‍ സിമ്പുവുമായി ചേര്‍ന്ന് ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്തയും എത്തിയിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍.
വെട്രിമാരന്റെ വാക്കുകള്‍…
‘ഇത് വട ചെന്നൈ 2 അല്ല, വട ചെന്നൈ സിനിമയെക്കുറിച്ച് എന്ത് ചിന്തിക്കുമ്പോഴും അന്‍ബു(ധനുഷിന്റെ കഥാപാത്രം)വിനെ മാറ്റിവെക്കാന്‍ പറ്റില്ല, ധനുഷ് തീര്‍ച്ചയായും ആ ചിത്രത്തിലുണ്ടാകും. എന്നാല്‍ സിമ്പു നായകനാകുന്ന ചിത്രം ഇതും വടചെന്നൈയുടെ യൂണിവേഴ്‌സില്‍ തന്നെയാണ് നടക്കുന്നത്. ആ ടൈം പീരിയഡിലായത് കൊണ്ട് തന്നെ വടചെന്നൈയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ സിനിമയിലും ഉണ്ടാകും.’
2018 ലായിരുന്നു ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ഈ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ധനുഷ്. അതുകൊണ്ട് തന്നെ സിനിമയുടെ എന്‍ ഒ സി നല്‍കാന്‍ ധനുഷ് പണം ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ എന്‍ ഒ സി നല്‍കാന്‍ ധനുഷ് ഒരു രൂപ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സിനിമ ചെയ്യാന്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും വെട്രിമാരന്‍ പറഞ്ഞു.