നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ഫാന്റസികോമഡി ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ഹൊറർ കോമഡി ജേണറിൽ എത്തുന്ന ചിത്രത്തിന് ‘സർവ്വം മായ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. നെറ്റിയിൽ ഭസ്മം ഒക്കെ തൊട്ടുള്ള നിവിൻ പോളിയുടെ ഒരു പാതി മറഞ്ഞ ചിത്രവും പോസ്റ്ററിൽ കാണാം. ചിത്രം ക്രിസ്മസ് റിലീസായിട്ടാണ് തിയേറ്ററില്‍ എത്തുക.
സിനിമയുടെ രചനയും എഡിറ്റിങ്ങും അഖില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. റിയ ഷിബു, ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ പ്രഭാകറാണ്.
ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ബേബി ഗേൾ, ഡോൾബി ദിനേശൻ, യേഴു കടല്‍ യേഴു മലൈ, മള്‍ട്ടിവേഴ്‌സ് മന്മഥൻ തുടങ്ങിയ ചിത്രങ്ങളും നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: nivin pauly akhil sathyan film first look out