സോഷ്യൽ മീഡിയ റീച്ച് കിട്ടാൻ വേണ്ടി രേണു എന്തിനും ഏതിനും പൊട്ടിത്തെറിക്കുകയാണെന്ന് നടനും സാമൂഹ്യപ്രവർത്തകനുമായ ഏഞ്ചൽ മോഹൻ. രേണു സുധി എന്ന പേരു മാറ്റി രേണു എന്നാക്കിയ ശേഷം സമൂഹ മാധ്യമങ്ങളിൽ കണ്ടന്റുകൾ ചെയ്ത് റീച്ച് ഉണ്ടാക്കി കാണിക്കൂ എന്നും ഏഞ്ചൽ മോഹൻ പറയുന്നു.
രേണു സുധിയെ വെല്ലുവിളിച്ച് നടനും സാമൂഹ്യപ്രവർത്തകനുമായ ഏഞ്ചൽ മോഹൻ. നെഗറ്റീവ് റീച്ചിനു വേണ്ടി കുട്ടികളെ ബലിയാടാക്കരുതെന്നും നല്ല റീലുകളും ഷോർട്ട് ഫിലിമുകളും ചെയ്ത് ശ്രദ്ധനേടു എന്നും ഏഞ്ചൽ മോഹൻ പറഞ്ഞു. ബ്ലോക് ബസ്റ്റർ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘‘ഞാൻ ഒരു കാര്യം ചോദിക്കട്ടെ, രേണുസുധി എന്നു പറയുന്ന ആളെയാണല്ലോ സോഷ്യൽ മീഡിയ ഇത്രയും പൊക്കിക്കൊണ്ടു വയ്ക്കുന്നത്. വ്യക്തിപരമായി ഞാൻ അവരെ ഹരാസ് ചെയ്യുകയല്ല, നിങ്ങൾ അങ്ങനെയൊന്നും ചിന്തിക്കരുത്. ഞാൻ പറയുന്ന കാര്യം നിങ്ങൾ ശരിക്കൊന്ന് ചിന്തിച്ചു നോക്കണം. രേണുസുധിയെ ഏത് കാറ്റഗറിയിലാണ് നിങ്ങൾ പെടുത്തിയിരിക്കുന്നത് ? അവർ പൊളിറ്റിക്കൽ ആയി നിൽക്കുന്ന ഒരാളാണോ? അല്ലെങ്കിൽ കലാകാരിയാണോ? സോഷ്യൽ വർക്കർ ആണോ? അല്ലെങ്കിൽ വേറെ ഏതെങ്കിലും രീതിയിലുള്ള അഭിനേത്രി, അങ്ങനെ ഒരു കാറ്റഗറിയിൽ നിൽക്കുന്ന ആളാണോ? എന്താണ് രേണുസുധി ? രേണുസുധി ഈ ഒരു വള്ളത്തിലും അല്ല.
സോഷ്യൽ മീഡിയ റീച്ച് കിട്ടാൻ വേണ്ടി, ഹൈപ്പ് കിട്ടാൻ വേണ്ടി രേണു എന്തിനും ഏതിനും പൊട്ടിത്തെറിക്കുകയാണ്. ഞാൻ നേരത്തെ പറഞ്ഞു, രേണു സുധിയിലെ സുധി എന്നുള്ള പേര് മാറ്റി രേണു എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. രേണു എന്ന് പറഞ്ഞ പേരിൽ രേണുവിന് എന്തു ചെയ്ത് എടുക്കാൻ പറ്റും, അല്ലെങ്കിൽ ഈ ഒരു പ്രശസ്തി ഉണ്ടാക്കാൻ പറ്റുമോ? രേണു പറയൂ, രേണുവിനെ ഞാൻ വെല്ലുവിളിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുന്നതു കേട്ടു, പൊട്ടിത്തെറിച്ചാണ് രേണു പറയുന്നത് ‘ആളുകൾ എന്നെ വല്ലാണ്ടങ്ങ് ഹരാസ് ചെയ്യുകയാണെന്ന്’. ആളുകൾ എന്താ ഒരാളെ വീട്ടിൽ പോയി ഹരാസ് ചെയ്യുമോ.