സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിനിമയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന കാര്യം സിനിമ കണ്ടിട്ട് തീരുമാനിക്കാമെന്ന ഹൈക്കോടതിയുടെ നിലപാട് സ്വാഗതാഹാര്‍ഹമാണെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രവീണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരണം ഇങ്ങനെ…
‘കോടതിയുടെ തീരുമാനം എന്തായാലും സ്വീകരിക്കും. ഹൈക്കോടതിയുടെ നിലപാട് സ്വാഗതാഹാര്‍ഹമാണ്. വിഷയത്തില്‍ കോടതിയില്‍ നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’.
ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് സിനിമ കാണണമെന്ന തീരുമാനത്തിലേക്ക് നീങ്ങിയത്. ശനിയാഴ്ച രാവിലെ 10 മണിക്ക് കോടതി സിനിമ കാണുമെന്ന് നിര്‍മാതാക്കളോട് വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.
സിനിമ കാണുന്നതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍മാതാക്കളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയതെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.