Entertainment

120 കിലോഗ്രാം ഭാരം ഒന്നര വർഷമെടുത്ത് കുറച്ചു; ഫീനിക്സിനെക്കുറിച്ച് വിജയ് സേതുപതിയുടെ മകൻ

തമിഴ് സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനായി എത്തുന്ന ചിത്രമാണ് ‘ഫീനിക്സ്’. തമിഴ് സ്പോർട്സ് ആക്ഷൻ ഡ്രാമയായ ചിത്രം സംവിധാനം ചെയ്യുന്നത് ആൻൽ അരസു ആണ്. അരങ്ങേറ്റ ചിത്രത്തിനായി നടൻ120 കിലോഗ്രാം ഭാരം ഒന്നര വര്ഷമെടുത്താണ് കുറച്ചത്.

വരലക്ഷ്മി ശരത്കുമാറും സമ്പത്ത് രാജും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഉയർന്ന നിലവാരമുള്ള സ്റ്റണ്ട് സീനുകൾ ഉള്ളതിനാൽ ചിത്രത്തിനായി നടത്തിയ ശാരീരിക പരിവർത്തനത്തെക്കുറിച്ച് സൂര്യ വെളിപ്പെടുത്തിയിരിക്കുകയാണ്. സൂമുമായുള്ള സംഭാഷണത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. തനിക്ക് ഏകദേശം 120 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും ചിത്രത്തിനായി അത് കുറച്ചതായും സൂര്യ വ്യക്തമാക്കി. ഭാരം കുറക്കാൻ ഒന്നര വർഷമെടുത്തതായി സൂര്യ പറഞ്ഞു.

എം.എം.എയിൽ പരിശീലനം നേടിതായും പഞ്ചസാരയും എണ്ണയും കഴിക്കുന്നത് ഗണ്യമായി കുറച്ചതുൾപ്പെടെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായും നടൻ പറഞ്ഞു. ആദ്യം ഇത് പിന്തുടരുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും സൂര്യ കൂട്ടിച്ചേർത്തു.

തനിക്ക് ആദ്യമായി സിനിമയിൽ അവസരം ലഭിച്ചതിനെക്കുറിച്ചും സൂര്യ പങ്കുവെച്ചു. ഒരു സിനിമയുടെ സെറ്റിൽ വെച്ച് വിജയ് സേതുപതിയെ കാണാൻ പോയപ്പോഴാണ് സംവിധായകൻ ആൻൽ അരസു തന്നെ കണ്ടതെന്ന് സൂര്യ ഓർമിച്ചു. തന്നോടൊപ്പം സിനിമ ചെയ്യുന്നതിൽ ഓക്കെയാണോ എന്ന സംവിധായകന്‍റെ ചോദ്യത്തിന് അത് സൂര്യയുടെ ഇഷ്ടമാണ് കഥ കേട്ട് സ്വയം തീരുമാനിക്കട്ടെ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടിയെന്ന് സൂര്യ പറഞ്ഞു.

ജൂലൈ നാലിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 2016 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയിൽ ബാലതാരമായാണ് സൂര്യ എത്തിയത്. ഈ സിനിമയിൽ വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂര്യയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 2019 ൽ പുറത്തിറങ്ങിയ സംഗതമിഴൻ എന്ന സിനിമയിലും സൂര്യ അഭിനയിച്ചു. ഈ സിനിമയിൽ വിജയ് സേതുപതി തന്നെയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Latest News