ടൊവിനോ തോമസ് നായകനായ ചിത്രം ‘നടികർ’ ഒടിടിയിലേക്ക് എത്തുകയാണ്. ലാല്‍ ജൂനിയര്‍ ഒരുക്കിയ ചിത്രം 2024 മേയ് മൂന്നിനായിരുന്നു റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും സിനിമയുടെ ഒടിടി റിലീസ് ഉണ്ടായിട്ടില്ല. സൈന പ്ലസിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനൊരുങ്ങുന്നത്.
സിനിമ എന്ന് മുതൽ സ്‌ട്രീം ചെയ്യുമെന്ന വിവരം പുറത്തുവന്നിട്ടില്ല. എന്തായാലൂം ഇതോടെ സിനിമാപ്രേമികളുടെ വലിയൊരു കാത്തിരിപ്പാണ് അവസാനിക്കുന്നത്. നേരത്തെ നെറ്റ്ഫ്ലിക്സ് ആയിരുന്നു സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിട്ടുരുന്നത്. എന്നാൽ പിന്നീടവർ പിന്മാറിയിരുന്നു. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശത്തിനായി നൽകുന്ന തുകയുമായി ബന്ധപ്പെട്ട തർക്കമാണ് ഒടിടി റിലീസ് വൈകുന്നതിന് കാരണമെന്ന് പ്രമുഖ വിനോദവാർത്ത ഓൺലൈൻ ആയ ഒടിടി പ്ലേ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രത്തിന്റെ ഒടിടി സംപ്രേക്ഷണത്തിനായി വൻ തുക ഓഫർ ഉണ്ടായിരുന്നെങ്കിലും ചിത്രം ബോക്‌സോഫീസിൽ പരാജയമായതോടെ ഒടിടി പ്ലാറ്റ്‌ഫോമും സിനിമയുടെ അണിയറ പ്രവർത്തകരും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാവുകയായിരുന്നു.
നടികറില്‍ സൗബിൻ ഷാഹിർ, സുരേഷ് കൃഷ്ണ, ബാലു വർഗീസ്, ദിവ്യ പിള്ള, അനൂപ് മേനോൻ, ദിനേശ് പ്രഭാകർ, മേജർ രവി, ഇന്ദ്രൻസ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരുന്നു. അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡ് ആണ് സിനിമയുടെ നിർമാണം. മൈത്രി മൂവി മേക്കേഴ്സും നിർമ്മാണത്തിൽ പങ്കാളികളായിട്ടുണ്ട്. ജനത ഗാരേജ്, പുഷ്പ തുടങ്ങി തെലുങ്കിൽ നിരവധി ഹിറ്റ് സിനിമകൾ നിർമിച്ച കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്‌സ്.