വിഷ്ണു മഞ്ചു നായകനായി എത്തിയ തെലുങ്ക് ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് കണ്ണപ്പ. ചിത്രത്തിൽ അക്ഷയ് കുമാർ, മോഹൻലാൽ, പ്രഭാസ് , കാജൽ അഗർവാൾ തുടങ്ങിയവർ അതിഥി വേഷത്തിൽ എത്തി. ഇപ്പോഴിതാ അഭിനയിക്കാനായി നടൻ അക്ഷയ് കുമാർ വാങ്ങിയ പ്രതിഫലമാണ് ചർച്ചയാകുന്നത്.
ചിത്രത്തിൽ അഞ്ച് ദിവസത്തെ ഷൂട്ടിനായി അക്ഷയ് കുമാർ പ്രതിഫലമായി വാങ്ങിയത് 10 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. അതേസമയം സിനിമയിൽ അഭിനയിക്കാനായി മോഹൻലാലും പ്രഭാസും പ്രതിഫലം ഒന്നും വാങ്ങിയില്ലെന്ന് നേരത്തെ വിഷ്ണു മഞ്ജു അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസായത്. മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഇന്ത്യൻ പുരാണങ്ങളുടെ പശ്ചാത്തലത്തിൽ, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവുമായി ജീവിക്കുന്ന ശിവ ഭക്തൻറെ അതിശയിപ്പിക്കുന്ന യാത്രയാണ് ‘കണ്ണപ്പ’. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.
എവിഎ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബു നിർമ്മിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. അർപ്പിത് രങ്ക, ബ്രഹ്‌മാനന്ദൻ, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിങ്ങിൻറെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘കണ്ണപ്പ’. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് ‘കണ്ണപ്പ’യുടെ മനോഹര ദൃശ്യങ്ങൾക്ക് പിന്നിൽ. സ്റ്റീഫൻ ദേവസിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.