ഹൊറര്‍ കോമഡി ഴോണറില്‍ നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സര്‍വ്വം മായ’. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം അജു വര്‍ഗീസ്-നിവിന്‍ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സര്‍വ്വം മായ. ഇപ്പോഴിതാ സിനിമയില്‍ ഇവരുടെ കോമ്പിനേഷനെ കുറിച്ച് മനസ്സ് തുറക്കുകയാണ് അഖില്‍. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഖിലിന്റെ പ്രതികരണം.
അഖിലിന്റെ വാക്കുകള്‍….
‘നിവിന്‍ ആണ് അജുവിനെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നത്. അജു വന്നുകഴിഞ്ഞപ്പോള്‍ ഈ സിനിമയ്ക്ക് ഉണ്ടായ മാറ്റം ഭയങ്കരമാണ്. അജുവിന് നിവിന്‍ കൊടുക്കുന്ന സ്പേസിനെക്കുറിച്ച് പറയാതെ വയ്യ. അജു വര്‍ഗീസ് – നിവിന്‍ പോളി കോമ്പോയില്‍ പുറത്തിറങ്ങിയ ടോപ് 3 സിനിമകളില്‍ ‘സര്‍വ്വം മായ’ ഉണ്ടാകും. കാരണം അത്രയും നല്ല കോമ്പിനേഷന്‍ ആണ് അവര്‍ ഈ സിനിമയില്‍. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ അത് ഒരുപാട് എന്‍ജോയ് ചെയ്യുന്നുണ്ട്. ഇവര്‍ രണ്ട് പേരും ഈ പതിനഞ്ച് വര്‍ഷം കൊണ്ട് അഭിനേതാക്കള്‍ എന്ന തരത്തില്‍ ഒരുപാട് വളര്‍ന്നിട്ടുണ്ട്. അഭിനയം എന്ന ക്രാഫ്റ്റ് പഠിച്ചിട്ട് അതില്‍ അവരുടെ തരത്തിലുള്ള ഹ്യൂമര്‍ വരുമ്പോള്‍ വേറെ ലെവല്‍ ഔട്ട്പുട്ട് വരും. ഞാന്‍ പ്രതീക്ഷിച്ച അജു-നിവിന്‍ കോമ്പോയെ അല്ല ഈ സിനിമയില്‍ ഉള്ളത്. അതിനേക്കാള്‍ വേറെ തലത്തിലാണ് സിനിമയില്‍ വന്നിട്ടുള്ളത്. ഈ രണ്ട് പേരെയും അങ്ങനെ തന്നെ കാണിക്കാന്‍ പറ്റും എന്നുള്ളതാണ് എന്റെ എക്‌സൈറ്റ്‌മെന്റ്. പ്രേതവും അജുവും നിവിനും ഒക്കെ ചേര്‍ന്നുള്ള സീനൊക്കെ എനിക്ക് വളരെ രസകരമായിട്ടാണ് തോന്നിയത്’.
ഈ വര്‍ഷം ക്രിസ്മസിനാകും ചിത്രം തീയറ്ററിലെത്തുക. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍, അല്‍ത്താഫ് സലിം എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.