ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും തമ്മിലുള്ള വിവാഹമോചന ഗോസിപ്പുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഈ ഗോസിപ്പുകളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍.’കാലിധര്‍ ലാപത’യുടെ പ്രൊമോഷന്റെ ഭാഗമായി ഇടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
അഭിഷേക് ബച്ചന്റെ വാക്കുകള്‍…
‘മുമ്പ് എന്നെക്കുറിച്ച് പറഞ്ഞിരുന്ന കാര്യങ്ങള്‍ എന്നെ ബാധിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ എനിക്ക് ഒരു കുടുംബമുണ്ട്, അതിനാല്‍ ഇത് വളരെ വേദനാജനകമാണ്. ‘ഈ പ്രചാരണം നടത്തുന്നവരോട് ഒന്നെ പറയാനുള്ളു നിങ്ങളുടെ ജീവിതം ഞാന്‍ ജീവിക്കുന്നില്ല, നിങ്ങള്‍ക്ക് എന്റെ ജീവിതത്തിലെ കാര്യങ്ങളും അറിയില്ല. തെറ്റായ വാര്‍ത്തകള്‍ തിരുത്താന്‍ ശ്രമിച്ചാലും, അവ പലപ്പോഴും വളച്ചൊടിക്കപ്പെടുകയാണ്. നെഗറ്റീവ് വാര്‍ത്തകള്‍ക്കാണ് ഇന്ന് കൂടുതല്‍ വിപണി. അതിനാല്‍, ഞാന്‍ വിശദീകരിച്ചാലും അത് വക്രീകരിക്കപ്പെടും.’
‘ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന് പിന്നില്‍ അജ്ഞാതനായി ഇരുന്ന് വൃത്തികെട്ട കാര്യങ്ങള്‍ എഴുതുന്നത് വളരെ എളുപ്പമാണ്. അവര്‍ക്ക് പിന്നീട് മനസ്സാക്ഷിയോട് ഉത്തരം പറയേണ്ടി വരും. അവര്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കണം. ഓണ്‍ലൈനില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് നേരിട്ട് തന്റെ മുഖത്ത് അത് പറയാന്‍ ധൈര്യമുണ്ടോ എന്ന് അഭിഷേക് വെല്ലുവിളിച്ചു. ‘നേരിട്ട് വന്ന് പറഞ്ഞാല്‍, അവര്‍ക്ക് ധൈര്യവും ബോധ്യവുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കും. അതിനെ ഞാന്‍ ബഹുമാനിക്കും.’
അഭിഷേകിന്റെ പുതിയ ചിത്രം ‘കാലിധര്‍ ലാപത’ ജൂലൈ 4-ന് സീ5ല്‍ പ്രദര്‍ശനത്തിനെത്തും. മധുമിത സുന്ദരരാമന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദൈവിക് ഭഗേല, മുഹമ്മദ് സീഷാന്‍ അയൂബ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.