Entertainment

ഇതിഹാസ ചിത്രം ‘രാമായണ’യുടെ ടീസർ പുറത്ത്

പുരാണ ഇതിഹാസത്തിലെ രാമനായി രൺബീർ കപൂറും രാവണനായി യാഷും എത്തുന്ന ആദ്യ ചിത്രം ‘രാമായണ’യുടെ ടീസർ പുറത്ത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോക്ക് എങ്ങും ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ‘രാമായണ: ദി ഇന്‍ട്രൊഡക്ഷന്‍’ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

രാജ്യത്തെ ഒമ്പത് നഗരങ്ങളിലും, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലുമായിട്ടാണ് ഫസ്റ്റ് ഗ്ലിംപ്‌സ് ലോഞ്ച് ചെയ്തത്. രണ്‍ബീര്‍ കപൂര്‍ രാമനും സായി പല്ലവി സീതയായും എത്തുന്ന ചിത്രത്തിൽ യാഷാണ് രാവണനാകുന്നത്. ലക്ഷ്മണനായി രവി ദുബെ, കൈകേയിയായി ലാറ ദത്ത, ഹനുമാനായി സണ്ണി ഡിയോൾ, മണ്ഡോദരിയായി കാജൾ അഗർവാൾ എന്നിവരുൾപ്പെടെ ഒരു മികച്ച താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗംഭീര താരനിര, ലോകോത്തര വി.എഫ്.എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്.

വാൽമീകിയുടെ രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. നമിത് മൽഹോത്രയും യാഷും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും, രണ്ടാം ഭാഗം 2027 ദീപാവലിയിൽ റിലീസ് ചെയ്യും. എ.ആര്‍. റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സംഗീതം ഒരുക്കുന്നത്.

‘രാമായണ’ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. ഹിന്ദുസ്ഥാൻ ടൈംസുമായുള്ള സംഭാഷണത്തിനിടെ നമിത് മൽഹോത്ര ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു. ഓപ്പൺഹൈമർ, ഫോറസ്റ്റ് ഗമ്പ് എന്നീ ചിത്രങ്ങൾ പോലെ രാമായണയും ആഗോള ശ്രദ്ധ നേടുമെന്നാണ് നമിത് വിശ്വസിക്കുന്നത്.