ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് തെന്നിന്ത്യൻ താരം പ്രിയാമണി. നടിയുടെ തമിഴ് വെബ് സീരീസായ ഗുഡ് വൈഫാണ് പുതിയതായി വരാനിരിക്കുന്നത്. സീരിസിൽ അഭിഭാഷകയുടെ വേഷത്തിലാണ് പ്രിയ എത്തുന്നത്.
ജിയോ ഹോട്ട്സ്റ്റാറിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്ന ഗുഡ് വൈഫിൽ ആറ് എപ്പിസോഡുകളുള്ള സീരിസ് ജൂലൈ നാലിന് റിലീസാവും. ഇതിന് മുമ്പും അഭിഭാഷകയുടെ വേഷത്തിൽ പ്രിയാമണി പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.
‘സിനിമകളിൽ പൊലീസുകാരിയുടെയോ സി.ബി.ഐ ഓഫിസറുടെയോ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഓഫറുകൾ വന്നുകൊണ്ടിരുന്നു. അത്തരം നിരവധി വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അതിനാൽ എനിക്ക് ഓണററി സി.ബി.ഐ അംഗത്വം ലഭിച്ചേക്കാം. അത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. ഈ വേഷങ്ങൾക്ക് എന്നെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. പക്ഷേ ഒരു നടി എന്ന നിലയിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ഒരേ പോലുള്ള വേഷങ്ങൾ വരുമ്പോൾ ഞാൻ അത് ചെയ്യുന്നില്ല പ്രിയാമണി പറഞ്ഞു.