തെന്നിന്ത്യൻ സിനിമയിൽ തുടക്കം കുറിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ‘കൂലി’ ചിത്രത്തിലാണ് ഇദ്ദേഹം പ്രധാന കഥാപാത്രത്തിൽ എത്തുന്നത്. ദഹാ എന്ന കഥാപാത്രത്തെയാണ് ആമിർ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആമിർ ഖാന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
1995-ൽ ദിലീപ് ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ആദങ്ക് ഹി ആദങ്ക്’ ചിത്രത്തിന് ശേഷം ആമിര്‍ ഖാനും രജനികാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂലി. ചിത്രത്തിൽ അതിഥി വേഷത്തിലാണ് ആമിർ ഖാൻ എത്തുന്നതെന്നാണ് വിവരം. രജനികാന്തിന്റെ അഭിനയ ജീവിതത്തിലെ 171-മത് ചിത്രമാണ് കൂലി. സിനിമയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചർച്ചയാണ് നടക്കുന്നത്. ‘ലിയോ’ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ്നിർമിക്കുന്നത്.
View this post on Instagram
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമായ കൂലിയിലെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സത്യരാജ്, ശ്രുതി ഹാസന്‍, മഹേന്ദ്രന്‍, ഉപേന്ദ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍പറിവ് മാസ്റ്ററാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സജീകരിക്കുന്നത്.
STORY HIGHLIGHT: aamir khan character look in rajinikanth film coolie