ന്യൂഡൽഹി: നടിയും മോഡലുമായ ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു മരിച്ചത്. പിന്നാലെ ഷെഫാലി ജാരിവാലയെ പരിഹസിച്ച് ബാബ രാംദേവ് രംഗത്തെത്തി. നടിയുടെ ഹാർഡ്‌വെയറിന് കുഴപ്പമില്ലായിരുന്നു, പക്ഷേ സോഫ്റ്റ്‌വെയർ തകരാറിലായിരുന്നു എന്ന് രാംദേവ് പ്രതികരിച്ചു.
എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് രാംദേവ് നടിയെ പരിഹസിച്ചത്. ഹാർഡ്‌വെയറിന് കുഴപ്പമില്ലായിരുന്നു, പക്ഷേ സോഫ്റ്റ്‌വെയർ തകരാറിലായിരുന്നു. ലക്ഷണങ്ങളൊന്നും കുഴപ്പമില്ലായിരുന്നു, പക്ഷേ സിസ്റ്റം തകരാറിലായിരുന്നു. ഉപരിപ്ലവമായ കാഴ്ചയിൽ വ്യത്യാസമുണ്ട്. ഒന്നായി കാണപ്പെടുന്നതും ഒന്നായിരിക്കുന്നതും വ്യത്യസ്തമാണ്. ജീവിതത്തിൽ നിങ്ങൾ പൂർണ്ണമായും സംതൃപ്തനായിരിക്കണം. നിങ്ങളുടെ ഭക്ഷണം, ഭക്ഷണക്രമം, ചിന്തകൾ, നിങ്ങളുടെ ശരീരത്തിന്റെ ഘടന എന്നിവ ശരിയായിരിക്കണം -രാംദേവ് പറഞ്ഞു.
നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും സ്വാഭാവിക ആയുസ്സ് ഉണ്ട്. നിങ്ങൾ അതിൽ ഇടപെടുമ്പോൾ, അത് ആന്തരികമായി ദുരന്തങ്ങൾക്ക് കാരണമാകുന്നു. അതിന്റെ ഫലമായി ഹൃദയാഘാതം പോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നു.
ഒരു മനുഷ്യന്റെ സ്വാഭാവിക ആയുസ്സ് കുറഞ്ഞത് 150 മുതൽ 200 വർഷമാണ്. ആരോഗ്യകരമായ ശീലങ്ങൾ ഒരു മനുഷ്യന്റെ ആയുസ്സ് ഗണ്യമായി വർധിപ്പിക്കും. നിങ്ങൾ നന്നായി ജീവിച്ചാൽ, 100 വർഷം വരെ നിങ്ങൾക്ക് പ്രായമാകില്ല എന്നത് സത്യമാണ്. ഭക്ഷണത്തിലെ അച്ചടക്കവും നല്ല ജീവിതശൈലിയും വളരെ പ്രധാനമാണ്. മനുഷ്യർ അവന്‍റെ തലച്ചോറിലും ഹൃദയത്തിനും കണ്ണുകൾക്കും കരളിനും വളരെയധികം ഭാരം നൽകുന്നു. 100 വർഷത്തിൽ കഴിക്കേണ്ട വർഷം വെറും 25 വർഷത്തിൽ ആളുകൾ ഇപ്പോൾ കഴിക്കുന്നു. സ്വയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനുഷ്യർക്ക് അറിയില്ല. -രാം ദേവ് പറഞ്ഞു.
ജൂൺ 27നാണ് നടി വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മരണത്തിന് കാരണം ചർമത്തിന് പ്രായം കുറവ് തോന്നിക്കാനും ചർമം വെളുക്കാനുമുള്ള മരുന്നുകളുടെ ഉപയോഗമാണെന്നാണ് റിപ്പോർട്ടുകൾ വന്നത്. വൈറ്റമിൻ സി, ഗ്ലൂട്ടത്തയോൺ തുടങ്ങിയ മരുന്നുകൾ നടി സ്ഥിരമായി ഉപയോഗിച്ചിരുന്നെന്നാണ് വിവരം. ഫോറൻസിക് പരിശോധനയിൽ ഷെഫാലിയുടെ വീട്ടിൽനിന്ന് ഇത്തരത്തിലുള്ള നിരവധി മരുന്നുകൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു.
നടിക്ക് ഹൃദയാഘാതം സംഭവിച്ച ദിവസം വീട്ടിൽ പൂജയുണ്ടായിരുന്നു. പൂജക്കായി വ്രതമനുഷ്ഠിച്ച ദിവസവും നടി ഈ മരുന്നുകളുടെ ഇഞ്ചക്ഷൻ എടുത്തിരുന്നു. രാത്രി 11ഓടെ 42കാരിയായ നടിയുടെ ആരോഗ്യം മോശമാകുകയും ഹൃദയാഘാതമുണ്ടാകുകയുമായിരുന്നു.