ഇപ്പോള്‍ സിനിമയില്‍ ആരെയൊക്കെ കാസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രധാന നടന്‍മാരാണെന്ന് നിര്‍മാതാവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുന്‍ തലവനുമായ പഹ്ലാജ് നിഹലാനി. യുട്യൂബ് ചാനലായ ‘ലേണ്‍ ഫ്രം ദി ലെജന്‍ഡി’ന് നല്‍കിയ അഭിമുഖത്തിലായിരുന്നു പഹ്ലാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നടന്‍ അക്ഷയ് കുമാറിന്റെ പക്കല്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
പഹ്ലാജ് നിഹാലിന്റെ വാക്കുകള്‍…..
‘തലാഷ്’ എന്ന ചിത്രത്തിനായി കരീന കപൂറിനെ നായികയാക്കാന്‍ അക്ഷയ് കുമാര്‍ നിര്‍ബന്ധം പിടിച്ചു. മുമ്പ് നിര്‍മാതാക്കളും സംവിധായകരുമായിരുന്നു കാസ്റ്റിംഗ് ചെയ്തിരുന്നത്, നായകന്‍മാര്‍ അതില്‍ ഇടപെടാറുണ്ടായിരുന്നില്ല. ഞാന്‍ നിര്‍മിച്ച സിനിമകളില്‍ ഇത്തരം ഒരു ഇടപെടല്‍ നടത്തിയ നടന്‍ അക്ഷയ് കുമാര്‍ ആയിരുന്നു. തലാഷ് എന്ന ചിത്രത്തിലായിരുന്നു അത്. അദ്ദേഹം എന്നോട് പറഞ്ഞു, ‘നാളെ സിനിമയുടെ ഷൂട്ടിങ് തുടങ്ങാം, നിങ്ങള്‍ക്ക് ഇഷ്ടമുള്ള പണം എനിക്ക് തരാം, പക്ഷേ ഈ സിനിമയിലെ നായിക കരീന കപൂര്‍ ആയിരിക്കും.’ അന്നത്തെ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നായിരുന്നു അത്. 22 കോടി രൂപയ്ക്കാണ് നിര്‍മിച്ചത്. എന്റെ കരിയറില്‍ ആദ്യമായിട്ടായിരുന്നു ഒരു നടന്‍ ഒരു പ്രത്യേക അഭിനേതാവിനെ വേണമെന്ന് ആവശ്യപ്പെട്ടത്. പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നടന്മാര്‍ക്ക് പ്രായം കുറഞ്ഞതായി തോന്നും അതുകൊണ്ടാണ് അവര്‍ ഇത്തരം ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ചിലപ്പോള്‍ നടന്മാര്‍ക്ക് പ്രായമാകുമ്പോള്‍ അവര്‍ക്ക് പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടാകും’.
അക്ഷയ് കുമാര്‍, കരീന കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുനില്‍ ദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് തലാഷ്. ഒരു ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.