ബോളിവുഡ് ചിത്രമായ ഹേരാ ഫേരിയുടെ മൂന്നാം ഭാഗത്തില്‍നിന്ന് മുഖ്യകഥാപാത്രം ചെയ്യേണ്ടിയിരുന്ന നടന്‍ പരേഷ് റാവല്‍ പിന്മാറിയതും തുടര്‍ന്ന് അദ്ദേഹത്തിന് നേരെ അണിയറപ്രവര്‍ത്തകര്‍ നടത്തിയ നിയമപോരാട്ടമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ ടീസര്‍ ചിത്രീകരിക്കുകയും പ്രതിഫലത്തിന്റെ അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്ത ശേഷമായിരുന്നു പരേഷ് റാവല്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് താരം തിരിച്ചെത്തിയെന്ന് ഉറപ്പിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മിഡ് ഡേയുമായുള്ള അഭിമുഖത്തിലാണ് പരേഷ് റാവല്‍ തിരിച്ചെത്തിയതിനെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രതികരിച്ചത്.
പ്രിയദര്‍ശന്റെ വാക്കുകളാണ്…..
‘പരേഷ് റാവലും ചിത്രത്തിന്റെ നിര്‍മാതാവും പ്രധാന നടന്മാരിലൊരാളുമായ അക്ഷയ് കുമാറും ഫോണില്‍ വിളിച്ച് എല്ലാം ശരിയായെന്ന് പറഞ്ഞു. ഹേരാ ഫേരി 3 യില്‍ അഭിനയിക്കാമെന്ന് പരേഷ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ‘ആ മൂന്ന് പ്രധാന കഥാപാത്രങ്ങളില്ലാതെ ഹേരാ ഫേരി സംഭവിക്കില്ല. അടുത്തിടെ, ഒരു വിമാനത്തില്‍, ഒരു വജ്ര വ്യാപാരിയും അദ്ദേഹത്തിന്റെ കുടുംബവും എന്റെ അടുത്ത് വന്ന് പരേഷിനെ തിരികെ കൊണ്ടുവരാന്‍ എന്നോട് അഭ്യര്‍ത്ഥിച്ചു. അല്ലെങ്കില്‍ അവര്‍ സിനിമ കാണില്ലെന്ന് പറഞ്ഞു. നേരത്തേ പരേഷ് റാവലിന്റെ പിന്മാറ്റത്തിനുപിന്നാലെ അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. അടുത്തവര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക’.
‘സാറിനോട് ബഹുമാനം അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ നിങ്ങളോടൊപ്പം 26 സിനിമകള്‍ ചെയ്തിട്ടുണ്ട്, പിന്മാറിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞാനും അക്ഷയും സുനില്‍ ഷെട്ടിയും നേരിട്ട് കാര്യങ്ങള്‍ സംസാരിച്ച് തെറ്റിദ്ധാരണകള്‍ നീക്കിയിട്ടുണ്ട്’, എന്നായിരുന്നു പരേഷ് പറഞ്ഞത് എന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.