ബോളിവുഡില്‍ ഏറെ ആരാധരുളള താരമാണ് ആമിര്‍ ഖാന്‍. ആമിറിന്റെ ഒട്ടുമിക്ക അഭിമുഖങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ തന്റെ മകനെ കുറിച്ച് അധികമൊന്നും ആമിര്‍ പറഞ്ഞു കേട്ടിട്ടിലായിരുന്നു. ഇപ്പോഴിതാ മകന്‍ ജുനൈദ് ഖാന്റെ ലളിതമായ ജീവിതശൈലിയെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാകുകയാണ്. രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടും ജുനൈദ് സ്വന്തമായി ഒരു കാര്‍ വാങ്ങാന്‍ തയ്യാറല്ലെന്നും പൊതുഗതാഗത സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും ആമിര്‍ പറഞ്ഞു.’ദി ന്യൂ ഇന്ത്യന്’ നല്‍കിയ അഭിമുഖത്തിലായിരുന്നു ആമിര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ആമിര്‍ ഖാന്റെ വാക്കുകള്‍….
ഒരിക്കല്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോകാന്‍ ജുനൈദ് വിമാനത്തിന് പകരം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് തിരഞ്ഞെടുത്തു. അന്ന് ഏത് ഫ്‌ലൈറ്റിനാണ് പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ താന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് എന്നാണ് അവന്‍ പറഞ്ഞത്. ജുനൈദ് ഒരു കാര്‍ വാങ്ങണമെന്ന് ഞാന്‍ നിരന്തരം അവനോട് പറയാറുണ്ട്. എന്റെ കാറുകളില്‍ ഒന്ന് എടുക്കാന്‍ പോലും ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, അവന്‍ പറയും, ‘പപ്പ, എനിക്ക് കാര്‍ വേണ്ട, ഞാന്‍ ഒരു ഓല ബുക്ക് ചെയ്യും’. ജുനൈദിന്റെ ഈ ലളിത ജീവിതശൈലി തന്റെ മുന്‍ ഭാര്യമാരായ റീന ദത്ത, കിരണ്‍ റാവു എന്നിവരുടെ മൂല്യങ്ങളില്‍ നിന്നാണ് ഉടലെടുത്തതാണ്. ഞങ്ങള്‍ ഒരിക്കലും ഭൗതിക സമ്പത്തിന് പ്രാധാന്യം നല്‍കിയിട്ടില്ല, അത് ജുനൈദിന്റെ ജീവിതത്തിലും പ്രതിഫലിക്കുന്നു. മുംബൈയില്‍ ഓട്ടോറിക്ഷയിലും ട്രെയിനിലും യാത്ര ചെയ്യുന്ന ജുനൈദിനെ പലപ്പോഴും കാണാറുണ്ട്. ഒരിക്കല്‍ യഷ് രാജ് സ്റ്റുഡിയോയില്‍ ഓട്ടോറിക്ഷയില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ അവനെ തിരിച്ചറിയാതെ പ്രവേശനം നിഷേധിച്ച സംഭവം ഉണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരി കാലത്ത്, റീനയുടെ മാതാപിതാക്കള്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍, ജുനൈദ് രണ്ടാഴ്ച അവര്‍ക്കൊപ്പം താമസിച്ച് അവരെ പരിചരിച്ചു. അവന്‍ വളരെ സെന്‍സിറ്റീവ് ആണ്. ആ സമയത്ത് വീട്ടുജോലിക്കാര്‍ പോലും ലഭ്യമല്ലായിരുന്നു. ജുനൈദ് ഒറ്റയ്ക്ക് അവരെ നോക്കി’.
ജുനൈദ്, ‘മഹാരാജ്’ എന്ന ഒടിടി ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഖുശി കപൂറിനൊപ്പം ‘ലവ്വിയപ്പ’ എന്ന ചിത്രത്തിലും അഭിനയിച്ചു.