ന്യൂഡൽഹി: ഇൻഡസ്ട്രിയിലെ ചില വലിയ നിർമ്മാതാക്കൾ കാർത്തിക് ആര്യനെ ഒതുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഗായകൻ അമാൽ മല്ലിക്. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിനോട് ബോളിവുഡ് ചെയ്തതെന്തോ അതുതന്നെയാണ് കാർത്തിക് ആര്യനോടും ചെയ്യാൻ ചിലർ ശ്രമിക്കുന്നതെന്ന് അമാൽ മിർച്ചി പ്ലസിനോട് പറഞ്ഞു.
കാർത്തിക്കിനെ ബോളിവുഡിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനയിൽ വൻകിട നിർമ്മാതാക്കളും നടന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്നും അമാൽ മല്ലിക് പറഞ്ഞു. ഗായകന്റെ വെളിപ്പെടുത്തലിൽ ആരാധകരെല്ലാം അമ്പരന്നിരിക്കുകയാണ്. ബോളിവുഡിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അമാൽ മല്ലിക് കാർത്തിക് ആര്യന്റെ കാര്യവും പറഞ്ഞത്. ഈ വ്യവസായത്തിന്റെ യാഥാർത്ഥ്യം പൊതുജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നുവെന്നും അത് വളരെ ഇരുണ്ടതാണെന്നും അമാൽ അഭിപ്രായപ്പെട്ടു. എന്നാൽ സുശാന്ത് സിംഗിന് ഇതൊന്നും കൈകാര്യം ചെയ്യാൻ പറ്റിയില്ല. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. ചിലർ അതിനെ കൊലപാതകമെന്ന് കുറ്റപ്പെടുത്തുന്നു, ചിലർ ആത്മഹത്യയെന്നും. എന്തായാലും, ആ മനുഷ്യൻ പോയി എന്നും അമാൽ പറഞ്ഞു.
“ഈ വ്യവസായം തന്നെയാണ് സുശാന്തിന്റെ മനസ്സിനോ ആത്മാവിനോ എന്തെങ്കിലും ചെയ്തത്. ആളുകൾ ഒരുമിച്ച് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഈ വ്യവസായം അങ്ങനെയൊരു സ്ഥലമാണ്. ആ കാര്യം പുറത്തുവന്നപ്പോൾ, ബോളിവുഡിനെതിരെയുള്ള സാധാരണക്കാരന്റെ വികാരംതന്നെ മാറിപ്പോയി. ബോളിവുഡിലുള്ളവരെല്ലാം വൃത്തികെട്ടവരാണെന്നാണ് അവർ പറയുന്നത്. പൊതുവെ ഈ വ്യവസായം ഒരിക്കലും തകർന്നിട്ടില്ല. പക്ഷേ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ഈ ആളുകളിൽ നിന്ന് എല്ലാം തട്ടിയെടുത്തു. അത് അവർ അർഹിക്കുന്നുണ്ട്. നല്ലൊരു മനുഷ്യനോട് അവർ തെറ്റായി പെരുമാറി.
ഇന്ന് നിങ്ങൾ നോക്കൂ, അതേ കാര്യങ്ങൾ, നേരിട്ടോ അല്ലാതെയോ കാർത്തിക് ആര്യനോടും ചെയ്യാൻ ആളുകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ കാർത്തിക് ആര്യന് പിന്തുണയുമായി അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ട്. കാർത്തിക്കും പുതുമുഖമാണ്. അവനെയും 100 പേർ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. അവർ പവർ പ്ലേ കളിക്കുന്നു. വലിയ നിർമ്മാതാക്കളും നടന്മാരും എല്ലാം ചെയ്യുന്നു.” അമാലിന്റെ വാക്കുകൾ.
2020 ജൂണ്‍ 14 നായിരുന്നു സുശാന്തിന്റെ മരണം. മരിക്കുമ്പോള്‍ വെറും 34 വയസ്സായിരുന്നു സുശാന്തിന്റെ പ്രായം. മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് സംഭവിച്ചത് വിവാദങ്ങളുടെ പെരുമഴയായിരുന്നു. ആത്മഹത്യ കൊലപാതകമാണെന്ന് നടന്റെ കുടുംബവും ആരാധകരും ആരോപിച്ചു. നടി റിയ ഉള്‍പ്പെടെയുള്ള സുശാന്തിന്റെ സുഹൃത്തുക്കളുടെ അറസ്റ്റും മയക്കുമരുന്നു കേസും ബോളിവുഡിലെ സ്വജനപക്ഷപാതമടക്കമുള്ള ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥിരീകരിച്ചുവെങ്കിലും ഇന്നും ദുരൂഹതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല.