ഹൈദരാബാദ്: ബാങ്ക് തട്ടിപ്പ് കേസിൽ അല്ലു അർജുന്റെ പിതാവും തെലുങ്ക് സിനിമാ നിർമ്മാതാവുമായ അല്ലു അരവിന്ദിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഹൈദരാബാദിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ മൂന്നുമണിക്കൂറിലേറെ നീണ്ടു. 2017 നും 2019 നും ഇടയിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
രാമകൃഷ്ണ ഇലക്ട്രോണിക്സ്, രാമകൃഷ്ണ ടെലിട്രോണിക്സ് (ആർടിപിഎൽ) എന്നീ കമ്പനികളുമായി ബന്ധപ്പെട്ട 101.4 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു ചോദ്യംചെയ്യൽ. 2017-2019 കാലത്താണ് സാമ്പത്തിക കുറ്റകൃത്യം നടന്നത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (മുൻപ് ആന്ധ്രാ ബാങ്ക്) നൽകിയ പരാതിയെത്തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. രാമകൃഷ്ണ ഇലക്ട്രോണിക്സ്, രാമകൃഷ്ണ ടെലിട്രോണിക്സ് എന്നീ കമ്പനികൾ വായ്പയായി ലഭിച്ച ഫണ്ടുകൾ വഴിതിരിച്ചുവിട്ടെന്നും ദുരുപയോഗം ചെയ്തെന്നുമായിരുന്നു യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതി. ഇതിലെ അന്വേഷണത്തിൻ്റെ ഭാഗമായി കർണൂൽ, ഗാസിയാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇഡിയുടെ ഹൈദരാബാദ് സോണൽ ഓഫീസ് റെയ്ഡുകൾ നടത്തി. അനുവദിച്ച വായ്പകൾ എതിർകക്ഷികൾ ക്രിമിനൽ ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിട്ട് ബാങ്കിനെ വഞ്ചിച്ചെന്നായിരുന്നു ആരോപണം.
രാമകൃഷ്ണ ഇലക്ട്രോണിക്സ്, ആർടിപിഎൽ, അവയുടെ ഡയറക്ടർമാർ, പങ്കാളികൾ, വി. രാഘവേന്ദ്ര, വി. രവികുമാർ എന്നിവർക്കും മറ്റുള്ളവർക്കുമെതിരെ സിബിഐ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കേസ്. മൊബൈൽ ഫോണുകളുടെ വ്യാപാരത്തിലും വിപണനത്തിലുമായിരുന്ന ഈ ഗ്രൂപ്പ് ഓപ്പൺ ക്യാഷ് ക്രെഡിറ്റ് (ഒസിസി) സൗകര്യം ദുരുപയോഗം ചെയ്യുകയും ഇൻ്റർ-ഗ്രൂപ്പ് ഇടപാടുകളിലൂടെ പ്രൊമോട്ടർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പണം നൽകുകയും ഫണ്ടുകൾ വഴിതിരിച്ചുവിട്ടെന്നുമാണ് ആരോപണം. റെയ്ഡുകൾക്കിടെ കുറ്റകൃത്യത്തിലൂടെ നേടിയ പണം ഉപയോഗിച്ച് വാങ്ങിയതായി സംശയിക്കുന്ന സ്വത്തുക്കളുടെ രേഖകൾ ഇഡി പിടിച്ചെടുത്തു.
പ്രതികളുടെയും അവരുടെ കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന ഏകദേശം 1.45 കോടി രൂപ മരവിപ്പിച്ചു. കൂടാതെ ഡിജിറ്റൽ ഉപകരണങ്ങളും വിദേശ പേയ്മെൻ്റുകളുടെ രേഖകളും കണ്ടെടുത്തു. ഏജൻസിയുടെ റിപ്പോർട്ടുകൾ അനുസരിച്ച്, വി. രാഘവേന്ദ്ര, വി. രവികുമാർ എന്നീ സഹോദരങ്ങളാണ് ഗ്രൂപ്പിലെ പ്രധാനികൾ. മറ്റുള്ളവരുമായി ഒത്തുചേർന്ന് ഫണ്ടുകൾ ദുരുപയോഗം ചെയ്തതിന് പിന്നിൽ ഇവരാണെന്ന് ആരോപിക്കപ്പെടുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. അല്ലു അരവിന്ദിനെ കൂടുതൽ ചോദ്യം ചെയ്യാൻ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും.