ഭാര്യ ഐശ്വര്യ റായ് ബച്ചനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അഭിഷേക് ബച്ചന്‍. മകൾ ആരാധ്യയെ വളര്‍ത്തിയതിന്റെ എല്ലാ ക്രെഡിറ്റും ഐശ്വര്യയ്ക്കുള്ളതാണെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു. നയന്‍ദീപ് രക്ഷിതിന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിഷേക് മനസുതുറന്നത്.
ആരാധ്യ മികച്ച വ്യക്തിയാണെന്നും അവള്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നും അഭിഷേക് പറയുന്നു. എന്റെ കൈയ്ക്കുള്ളില്‍ ഒതുങ്ങുമായിരുന്ന കുഞ്ഞു ആരാധ്യ ഇപ്പോള്‍ ഐശ്വര്യയേക്കാള്‍ ഉയരംവെച്ചുവെന്നും അഭിഷേക് പറയുന്നു.
‘എല്ലാറ്റിന്റെയും ക്രെഡിറ്റ് പൂര്‍ണ്ണമായും അവളുടെ അമ്മയ്ക്കാണ് നല്‍കേണ്ടത്. എനിക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഞാന്‍ സിനിമകള്‍ ചെയ്യാന്‍ പുറത്തുപോയിരുന്നു. ആരാധ്യയുടെ കാര്യത്തില്‍ കൂടുതല്‍ ഭാരം വഹിക്കുന്നത് ഇപ്പോഴും ഐശ്വര്യയാണ്. അവള്‍ അസാമാന്യയാണ്. നിസ്വാര്‍ത്ഥയാണ്. അത് എനിക്ക് അത്ഭുതകരമായി തോന്നുന്നു. സാധാരണ അമ്മമാരെപ്പോലെ, അച്ഛന്മാര്‍ക്ക് അത്രത്തോളം ത്യാഗം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.
ഒരുപക്ഷേ നമ്മുടെ ചിന്താഗതി വ്യത്യസ്തമായിരിക്കാം. നമ്മള്‍ പുറത്തുപോകുന്നതിലും എന്തെങ്കിലും ജോലിയെടുക്കുന്നതിലുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ ‘ഇല്ല, ഇതെന്റെ കുട്ടിയാണ്, ഇത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്’ എന്ന് പറയാന്‍ കഴിയുന്നത് ഞാന്‍ ഒരു വരദാനമായി കരുതുന്നു. അതുകൊണ്ടായിരിക്കാം നമ്മള്‍ അമ്മമാരെ ആശ്രയിക്കുന്നത്. അതിനാല്‍ ആരാധ്യയുടെ കാര്യത്തില്‍ മുഴുവന്‍ ക്രെഡിറ്റും ഐശ്വര്യയ്ക്ക് തന്നെയാണ്.’-അഭിമുഖത്തില്‍ അഭിഷേക് പറയുന്നു.
ആരാധ്യ മികച്ചൊരു വ്യക്തിയായാണ് വളര്‍ന്നതെന്നും അഭിഷേക് പറയുന്നു. അവള്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലെന്നും ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ‘അവളെ വളരെ ഉത്തരവാദിത്തമുള്ള ഒരു പെണ്‍കുട്ടിയായിട്ടാണ് ഐശ്വര്യ വളര്‍ത്തിയത്. അത് അവളുടെ വ്യക്തിത്വത്തിന്റെ തെളിവുമാണ്. അവള്‍ വ്യക്തിപരമായി എന്താണോ അതില്‍ നിന്ന് അവളെ മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവള്‍ അവളായിത്തന്നെ വളരുന്നു. അവള്‍ കുടുംബത്തിന്റെ അഭിമാനവും സന്തോഷവുമാണ്. ഓരോ ദിവസത്തേയും ജോലിക്കുശേഷം സന്തോഷമുള്ളതും ആരോഗ്യകരവുമായ ഒരു കുടുംബത്തിലേക്ക് മടങ്ങിവരുന്നതാണ് യഥാര്‍ഥ സന്തോഷം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.’-അഭിഷേക് അഭിമുഖത്തില്‍ പറയുന്നു.