പുതിയ സിനിമയായ ‘ടിക്കി ടാക്ക’യിലെ ചിത്രം നസ്ലിന്റെ പുറത്തുവിട്ട് സംവിധായകൻ രോഹിത്ത് വി.എസ്. കോമഡി പ്രതീക്ഷിച്ച നസ്ലിന്റെ ആരാധകർക്ക് സംവിധായകൻ കൊടുത്തത് കയ്യിൽ തോക്കുമായി കടൽ തീരത്ത് നിൽക്കുന്ന നസ്ലിന്റെ ചിത്രമാണ്. പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇതുവരെ കാണാത്ത നസ്ലിനെ ഈ സിനിമയിലൂടെ കാണാനാകുമെന്നാണ് പ്രതീക്ഷ.
‘നഷ്ടങ്ങൾ അവന്റെ കയ്യിലൊരു തോക്ക് നൽകി; സ്നേഹം അവനെയൊരു പുരുഷനാക്കി’ എന്ന അടിക്കുറിപ്പോടെയാണ് രോഹിത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. നസ്ലിന്റെ പുതിയ വേഷപ്പകർച്ചയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്യുന്നത്. ‘റോസാപ്പൂ കയ്യിൽ തുപ്പാക്കി വിളയാടി’ എന്നായിരുന്നു ഒരു ആരാധക കമന്റ്. ആസിഫ് അലിയുടെ ആദ്യ മുഴുനീള ആക്ഷൻ ചിത്രമാണ് ടിക്കി ടാക്ക. ചിത്രത്തിൽ നസ്‌ലനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലൊരു ഗ്രേ ഷെഡ് ആയിരിക്കും താരം ചെയ്യുക എന്നാണ് റിപ്പോർട്ട്.
‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‌ലീസ്’, ‘കള’ എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടിക്കി ടാക്ക’. ആക്‌ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ദ് റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.
ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവരുടേതാണ് തിരക്കഥ.