ഈ വർഷം ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആക്ഷൻ ത്രില്ലർ ‘വാർ 2’. ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ചിത്രമാണ് ഇത്. ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഹൃത്വിക് റോഷനും ടൈഗർ ഷ്റോഫും പ്രധാന വേഷങ്ങളിലെത്തിയ വാറിന്റെ സീക്വലാണ് ചിത്രം. 2019 ലാണ് വാർ പുറത്തിറങ്ങിയത്. കിയാര അദ്വാനിയാണ് വാറിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ വാർ 2വിന്റെ പ്രമേയം ഇന്റർനെറ്റിൽ ചോർന്നതായാണ് വിവരം. റെഡ്ഡിറ്റിൽ ആണ് ചിത്രത്തിന്റെ കഥ പ്രചരിക്കുന്നതെന്നാണ് വിവരം.
എന്നാൽ സിനിമയുടെ അണിയറപ്രവർത്തകരാരും സംഭവത്തിൽ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. മേജർ കബീർ ദലിവാൾ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഹൃത്വിക് എത്തുന്നത്. വിക്രം എന്ന കഥാപാത്രമായി ജൂനിയർ എൻടിആറും സിനിമയിലെത്തുന്നു. ആദ്യ ഭാഗത്തിൽ ഹൃത്വിക് റോഷൻ അവതരിപ്പിച്ച മേജർ കബീർ എന്ന കഥാപാത്രം ഒരു നായകനായിരുന്നെങ്കിൽ, രണ്ടാം ഭാഗത്തിൽ കബീർ ‘ഇന്ത്യയുടെ ഏറ്റവും വലിയ വില്ലനാ’യി മാറുന്നു എന്നാണ് സിനോപ്സിസ് പറയുന്നത്.
വർഷങ്ങൾക്ക് മുൻപ് ഹൃത്വിക്കിന്‍റെ കബീർ ഒരു റോ ഏജന്റായി മാറി, ഇപ്പോൾ അവൻ “ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു” എന്ന നിലയിൽ കൂടുതല്‍ മോശമായ കാര്യങ്ങളിലേക്ക് എത്തുന്നു. കബീറിനെ നേരിടാൻ ഇന്ത്യ അയക്കുന്നത് ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന സ്പെഷ്യൽ യൂണിറ്റ്സ് ഓഫീസർ വിക്രമിനെയാണെന്നാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് ഏജന്റ് കബീർ ഒരു റോ ഏജന്റായി മാറി. ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളിയായി മാറി. ഇപ്പോൾ, അവൻ ഇരുണ്ട ലോകത്തിന്‍റെ ആഴങ്ങളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുന്നു, ഇന്ത്യ അവനെ നേരിടാൻ ഏറ്റവും അപകടകാരിയായ ഒരു ഏജന്റിനെ അയക്കുന്നു. കബീറിന്റെ തുല്യനായ, ‘ആബ്സലൂട്ട്‌ലി ന്യൂക്ലിയർ’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്പെഷ്യൽ യൂണിറ്റ്സ് ഓഫീസർ- വിക്രം.
സ്വന്തം ഉള്ളിലെ ഭൂതകാലത്താല്‍ നയിക്കപ്പെടുന്ന, കബീറിന്‍റെ തലയിൽ ഒരു വെടിയുണ്ട പായിക്കാന്‍ പ്രതിജ്ഞയെടുത്ത ഒരു ‘ടെർമിനേറ്റർ’. ഇവർ തമ്മിലുള്ള പോരാട്ടം ലോകമെമ്പാടും ഒരു രക്തരൂഷിതമായ യുദ്ധ ഭൂമിയാക്കി മാറ്റുന്നു. അവർക്ക് മുന്നിലുള്ള ലക്ഷ്യങ്ങള്‍ അസാധ്യമാണ്, അവർ നൽകേണ്ട വില അന്തിമമാണ്.”- എന്നാണ് കഥയുടെ ചുരുക്കമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
200- 400 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. യഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക.
















