ദുൽഖർ സൽമാനെ ഒരാക്റ്ററെന്ന നിലയ്ക്കും സ്റ്റാർ എന്ന നിലയ്ക്കും കരിയറിൻ്റെ അടുത്ത ലെവലിലേക്ക് പ്രവേശിച്ചുകഴിഞ്ഞതായി പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘ലക്കി ഭാസ്കര്‍’. ‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ‘ലക്കി ഭാസ്കര്‍’. ഒരേ സമയം ആവേശകമായൊരു ഫൈനാൻഷ്യൽ ക്രൈം ത്രില്ലറും ഹൃദയഹാരിയായൊരു കുടുംബ ചിത്രവുമായിരുന്നു ‘ലക്കി ഭാസ്കര്‍’. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ.
അടുത്തിടെ ഒരു അഭിമുഖത്തിലൂടെയാണ് വെങ്കി അറ്റ്ലൂരി ലക്കി ഭാസ്‌കറിന് ഒരു രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാവുമെന്ന് അറിയിച്ചത്. സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണെന്നും എന്നാൽ ധനുഷ് നായകനായി ‘വാത്തി’ സിനിമയ്ക്ക് തുടർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിച്ച ലക്കി ഭാസ്കർ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിച്ചിരുന്നത്. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് ‘ലക്കി ഭാസ്കര്‍’ സ്വന്തമാക്കിയത്.
നിലവിൽ സൂര്യ നായകനാവുന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് വെങ്കി അറ്റ്‍ലൂരി. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് സൂര്യ 46 എന്നാണ് താല്‍ക്കാലികമായി പേര് നൽകിയിരിക്കുന്നത്.
STORY HIGHLIGHT: lucky bhaskar 2 confirmed by director