മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗം മികച്ച അഭിപ്രായങ്ങളോടെ സ്ട്രീമിങ് തുടരുകയാണ്. അഹമ്മദ് കബീറാണ് സംവിധാനം ചെയ്ത കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രചന നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേശാണ്. ഇപ്പോഴിതാ സീരിസ് കണ്ടതിന് ശേഷം മമ്മൂട്ടി അയച്ച മെസ്സേജിനെക്കുറിച്ച് പറയുകയാണ് അഹമ്മദ് കബീര്‍.
ഫാന്‍ബെല്ല എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. ‘ഞങ്ങളുടെ ഏറ്റവും വലിയ ഹാപ്പിനെസ് സിരീസ് കണ്ടിട്ട് മമ്മൂക്ക ഞങ്ങള്‍ക്ക് അയച്ച മെസേജ് ആണ്. എനിക്കും അര്‍ജുനും ഹരിശ്രീ അശോകനും സിറാജിനുമൊക്കെ മെസേജ് വന്നു. നന്നായിട്ടുണ്ട്, ഗുഡ് വര്‍ക്ക് എന്ന് പറഞ്ഞിട്ട്. അതൊരു ഓസ്‍കര്‍ അടിച്ച ഫീല്‍ ആയിരുന്നു ഞങ്ങള്‍ക്ക്.’ അഹമ്മദ് കബീര്‍ പറഞ്ഞു.
കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ആയ ‘ദി സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു’ ജൂണ്‍ 20 നാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. സീരീസിൽ ഇന്ദ്രന്‍സ് ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, നൂറിൻ ഷെരീഫ്, നവാസ് വള്ളിക്കുന്ന്, ഷിബ്ല ഫറ, രഞ്ജിത്ത് ശേഖർ, സഞ്ജു സനിച്ചൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
STORY HIGHLIGHT: ahammed kabeer on the message mammootty