കമല്‍ ഹാസന്‍ ചിത്രം ‘തഗ് ലൈഫി’നെതിരായ നെഗറ്റീവ് റിവ്യൂകളില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ‘തഗ് ലൈഫി’നെ മണിരത്‌നം എഴുതിയ മനോഹര കവിത എന്നാണ് ഹരീഷ് പേരടി വിശേഷിപ്പിച്ചത്. കമല്‍ ഹാസന്റെ അഭിനയത്തെയും എ.ആര്‍. റഹ്‌മാന്‍ സംഗീതത്തെ പുകഴ്ത്തിയുമാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘തഗ് ലൈഫ്’ നെഗറ്റീവ് റിവ്യൂകള്‍ക്കുള്ള മറുപടിയായിരുന്നു താരത്തിന്റെ ഈ കുറിപ്പ്.
‘ഇന്നാണ് മണിരത്നം എഴുതിയ ഈ മനോഹര കവിത കണ്ടത്….മനുഷ്യ ബന്ധങ്ങളുടെ വിശ്വാസത്തിൻ്റെയും അവിശ്വാസത്തിൻ്റെയും ഇടയിലുള്ള ചോര ചാലുകളുടെ കുത്തിയൊഴുക്കിൻ്റെ പതിഞ്ഞ താളത്തിലുള്ള കവിത…എ .ആർ. റഹ്‌മാൻ കഥാപാത്രങ്ങളുടെ ശ്വാസനാളത്തിൽ കമ്പി വലിച്ചുകെട്ടിയാണ് സംഗീതം ഉണ്ടാക്കിയത്…കമൽ സാർ..ശക്തിവേലിനെ കണ്ടുകൊണ്ടിരിക്കുമ്പോൾ അയാളുടെ മാനസികാവസ്ഥയുടെ പകർന്നാട്ടം പലപ്പോഴും പ്രേക്ഷകനായ എൻ്റെതായിരുന്നു…അതുകൊണ്ട്തന്നെ സിനിമ കഴിയുമ്പോൾ കഥാപാത്രത്തിൻ്റെ വേഷം അഴിക്കുന്നത് നിങ്ങൾ ആയിരുന്നില്ല പകരം ഞങ്ങൾ പ്രേക്ഷകരായിരുന്നു…അത്രക്കും കൂടെ ഞങ്ങളെ ഒപ്പം നിർത്തി…ഈ സിനിമയെ പറ്റി കേട്ട മോശം റിവ്യുവിനെ പറ്റി എനിക്ക് ഒന്നേ പറയാനുളു…”നല്ലത് ഒരു നായിക്കും പറ്റില്ല”..മണിരത്നം സാർ അടുത്ത കവിതകൾക്കായി കാത്തിരിക്കുന്നു.’ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
37 വർഷങ്ങൾക്കുശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയെത്തിയ ചിത്രമായിരുന്നു തഗ് ലൈഫ്. ഗ്യാങ്‌സ്റ്റര്‍ സിനിമകളില്‍ കാലങ്ങളായി കണ്ടുവരുന്ന ക്ലീഷേകള്‍ കുത്തി നിറച്ച തഗ് ലൈഫിന്‍റെ തിരക്കഥ ഏറെ പഴഞ്ചനാണെന്നാണ് ആരാധകരുടെ പ്രതികരണം. ബോക്സ് ഓഫീസിലെ പരാജയം മൂലം ഒടിടിയിൽ നിശ്ചയിച്ച തീയതിക്കും മുൻപ് റിലീസ് ചെയ്ത സിനിമയ്ക്ക് അവിടെയും രക്ഷയുണ്ടായില്ല. അഭിരാമി, ജോജു ജോർജ്, നാസർ, തൃഷ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
STORY HIGHLIGHT: hareesh peradi defends thug life