ലക്ഷദ്വീപിൽ നിന്നുള്ള പ്രമുഖ സിനിമ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി. ആന്ത്രോത്ത്, കൽപേനി, അഗത്തി എന്നീ ദ്വീപുകളിൽ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹർഷിത് സൈനിയാണ് വരൻ.
ഇരുവരും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. നിലവിൽ ദില്ലിയിൽ ഡെപ്യൂട്ടി കലക്ടറാണ് ഹർഷിത് സൈനി. ദില്ലിയിൽ വച്ച് ജൂൺ 20നായിരുന്നു രജിസ്റ്റർ വിവാഹം എന്നാണ് റിപ്പോർട്ടുകൾ. ഡിസംബറിൽ ദില്ലിയിലും ലക്ഷദ്വീപിലും കൊച്ചിയിലുമായി വിവാഹച്ചടങ്ങ് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഐഷ സുൽത്താന ഡൽഹിയിലാണ്.
വാട്സാപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും ഐഷ സുൽത്താനയുടെ വിവാഹവാർത്ത ശനിയാഴ്‌ച പ്രചരിച്ചിരുന്നു. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന, സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെ ലക്ഷദ്വീപിലും പുറത്തും ശ്രദ്ധനേടിയ വ്യക്തിയാണ്.
കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചതിന്‍റെ പേരിൽ സംഘ്പരിവാർ ഹാൻഡിലുകളുടെ സൈബർ ആക്രമണത്തിന് ഐഷ സുൽത്താന ഇരയായിരുന്നു.
content highlight: Aisha Sulthana