നടന്‍ പ്രേം നസീറിനെ കുറിച്ച് ടിനി ടോം നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. അവസാനകാലത്ത് അവസരം കുറഞ്ഞതില്‍ വിഷമിച്ചായിരുന്നു നസീര്‍ മരിച്ചതെന്നായിരുന്നു വിവാദത്തിനിടെയാക്കിയ പരാമര്‍ശം. ഒരു അഭിമുഖത്തില്‍ ആയിരുന്നു ടിനി ഇങ്ങനെ പറഞ്ഞത്.
എന്നാല്‍ വിഷയം വിവാദം ആയതിന് പിന്നാലെ മാപ്പ് പറഞ്ഞ് ടിനി ടോം രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ആണെന്ന് ടിനി പറഞ്ഞതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. സംവിധായകന്‍ ആലപ്പി അഷ്‌റഫുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മണിയന്‍പിള്ള രാജു പ്രതികരിച്ചത്.
മണിയന്‍പിളള രാജുവിന്റെ വാക്കുകള്‍……
‘ഒരിക്കലും ഇല്ല. ഒരിക്കലും ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം പത്തോ പതിനഞ്ചോ പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ദൈവ തുല്യനായൊരു മനുഷ്യനെ അതിന് മുന്‍പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ലെന്ന് പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. മുന്‍പും മണ്ടത്തരങ്ങള്‍ പറഞ്ഞ് ടിനി ടോം വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. എന്തിന് ഇത്രയും മഹാനായൊരു മനുഷ്യനെ കുറിച്ച് ഇത്തരം പരാമര്‍ശം നടത്തുന്നത്. ഇവന് ഭ്രാന്താണ്. ഏറ്റവും കൂടുതല്‍ സിനിമകള്‍ അഭിനയിക്കുകയും നായകനാകുകയും ഒക്കെ ചെയ്ത ആളാണ് നസീര്‍ സാര്‍. അദ്ദേഹത്തെ ആരാധിക്കുന്ന ജനങ്ങളുണ്ട് ഇവിടെ. അവരെല്ലാം ടിനിയെ കല്ലെറിയും. ടിനി മാപ്പ് പറയണം. ആരൊക്കെയോ കേസ് കൊടുത്തെത്ത് അറിയുന്നുണ്ട്’.