കേരളത്തിന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കി. കോളേജിന്റെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിനായുള്ള പാട്ടക്കരാര്‍ 17 വര്‍ഷത്തേക്ക് കൂടി പുതുക്കി ഒപ്പുവെച്ചു. ഇതോടെ, തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ നടത്തിപ്പും വികസനവും ഉള്‍പ്പെടെയുള്ള മൊത്തം കരാര്‍ കാലയളവ് 33 വര്‍ഷമായി ഉയര്‍ന്നു.
സെന്റ് സേവ്യേഴ്‌സ് കോളേജ് മാനേജര്‍ ഫാദര്‍ സണ്ണി ജോസ് എസ്.ജെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്. കുമാറും ചേര്‍ന്നാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്. പുതുക്കിയ കരാര്‍ പ്രകാരം, തിരുവനന്തപുരം മേനംകുളം വില്ലേജിലെ 6.3 ഏക്കര്‍ വരുന്ന ഗ്രൗണ്ടിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും പൂര്‍ണ്ണ ഉപയോഗവും നടത്തിപ്പും തുടര്‍ന്നും കെ.സി.എയുടെ മേല്‍നോട്ടത്തിലായിരിക്കും. പിച്ചുകള്‍, പവലിയന്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം പരിപാലനവും കാലോചിതമായ നവീകരണവും കെ.സി.എയുടെ ഉത്തരവാദിത്തമാണ്. ഗ്രൗണ്ട് തുടര്‍ന്നും ‘സെന്റ് സേവ്യേഴ്‌സ് – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ട്’ എന്ന പേരില്‍ തന്നെ അറിയപ്പെടും.
ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കെ.സി.എ ഗ്രൗണ്ട് ഉപയോഗിക്കുമ്പോള്‍ തന്നെ, ധാരണ പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് അനുസരിച്ച് കോളേജിന്റെ ക്രിക്കറ്റ് ആവശ്യങ്ങള്‍ക്കായി ഗ്രൗണ്ട് ലഭ്യമാക്കും. ചടങ്ങില്‍ കേസ്.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, കോളേജ് പ്രിന്‍സിപ്പല്‍ തോമസ് സക്കറിയ, രസതന്ത്ര അധ്യാപകന്‍ ഫാദര്‍ ബിജു, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രന്‍, പ്രസിഡന്റ് അഡ്വ. കെ.കെ രാജീവ്, കെ.സി.എ ക്യുറേറ്റര്‍ ചന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ ഏറ്റവും വലിയ ബൗണ്ടറികളുള്ള ഈ ഗ്രൗണ്ടില്‍ 12 പിച്ചുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം ബി.സി.സി.ഐയുടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നടത്താന്‍ പര്യാപ്തമാണ്. കൂടാതെ, പരിശീലനത്തിനായി രണ്ട് വിക്കറ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 2011-ല്‍ നിര്‍മ്മാണം ആരംഭിച്ച് 2015-ല്‍ പൂര്‍ത്തിയായ ഈ ഗ്രൗണ്ട്, 2017-ലാണ് ആദ്യത്തെ രഞ്ജി ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. അതിനുശേഷം രഞ്ജി ട്രോഫി, ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ – ഇംഗ്ലണ്ട് ലയണ്‍സ് മത്സരം, സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്, കേണല്‍ സി.കെ. നായിഡു ട്രോഫി, ബി.സി.സി.ഐ വിമന്‍സ് ഏകദിന മത്സരങ്ങള്‍, അണ്ടര്‍ 19 ത്രിരാഷ്ട്ര പരമ്പര എന്നിവ ഉള്‍പ്പെടെ 25-ഓളം ബോര്‍ഡ് മത്സരങ്ങള്‍ക്ക് ഗ്രൗണ്ട് വേദിയായിട്ടുണ്ട്.
‘കായികരംഗത്തെയും യുവജനങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്ന ഞങ്ങളുടെ കാഴ്ചപ്പാടിനോട് ചേര്‍ന്നുനില്‍ക്കുന്ന ഈ പങ്കാളിത്തം തുടരുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിരവധി പ്രതിഭകളെ വളര്‍ത്തിയെടുത്ത ഈ കളിയിടം ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍ പിന്നിടുമെന്ന് പ്രതീക്ഷിക്കുന്നു,’ കോളജ് മാനേജര്‍ ഫാദര്‍ സണ്ണി ജോസ് എസ്.ജെ പറഞ്ഞു.
‘ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കേരളത്തിലെ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള കെസിഎയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ഈ കരാര്‍. സെന്റ് സേവ്യേഴ്‌സ് കോളേജ് നല്‍കുന്ന വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി,’ കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു.
ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കോളേജില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കെ.സി.എക്ക് അധികാരം നല്‍കുന്നതാണ് കരാര്‍. സുതാര്യതയ്ക്കും പരസ്പര ബഹുമാനത്തിനും ഊന്നല്‍ നല്‍കി, കായിക മികവ് എന്ന പൊതുലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും മുന്നോട്ടുപോകുന്നത്.
CONTENT HIGH LIGHTS;St. Xavier’s College and KCA renew agreement; Ground lease extended for another 17 years