ഗർഭിണിയാണെന്ന് വെളിപ്പെടുത്തി കന്നഡ നടിയും പ്രശസ്ത ക്ലാസിക്കൽ നർത്തകിയുമായ ഭാവന രാമണ്ണ. ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്ന വിവരം സമൂഹമാധ്യമത്തിലൂടെയാണ് താരം പുറത്തു വിട്ടത്. പിന്നാലെ അവിവാഹിതയായ നടിയുടെ പുതിയ വിശേഷം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
ഐവിഎഫ് വഴി ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ പോവുകയാണെന്നും ഇപ്പോൾ ആറു മാസമായെന്നും ഭാവന രാമണ്ണ വെളിപ്പെടുത്തി. നിറവയറിലുള്ള ചിത്രങ്ങൾക്കൊപ്പമാണ് ആരാധകരെ ഞെട്ടിച്ച വിവരം താരം പങ്കുവച്ചത്. അവിവാഹിത ആയതിനാൽ പല ക്ലിനിക്കുകളും തന്നെ നിരുത്സാഹപ്പെടുത്തിയെന്നും തന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തെന്നും ഭാവന പറഞ്ഞു. ജീവിതത്തിലെ പുതിയ ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ ദീർഘമായ കുറിപ്പിലാണ് ഭാവന രാമണ്ണ പങ്കുവച്ചത്.
ഭാവന രാമണ്ണയുടെ വാക്കുകൾ:
ഒരു പുതിയ അധ്യായം… ഒരു പുതിയ താളം.. ഞാൻ ഇത് പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, എന്നാൽ ഇതാ ഞാൻ, ഇരട്ടക്കുട്ടികളുമായി ആറ് മാസം ഗർഭിണിയാണ്! കൃതജ്ഞത കൊണ്ടെന്റെ ഹൃദയം നിറയുന്നു. എന്റെ ഇരുപതുകളിലും മുപ്പതുകളിലും മാതൃത്വം എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. എന്നാൽ എനിക്ക് 40 വയസ്സ് തികഞ്ഞപ്പോൾ, ആ ആഗ്രഹം നിഷേധിക്കാനാകാത്ത ഒന്നായി. എന്നാൽ, അവിവാഹിതയായ സ്ത്രീയെന്ന നിലയിൽ, അത് അത്ര എളുപ്പമായിരുന്നില്ല. പല ഐവിഎഫ് ക്ലിനിക്കുകളും എന്നെ നിരസിച്ചു.
എന്നാൽ പിന്നീട് ഞാൻ ഡോ. സുഷമയെ കണ്ടുമുട്ടി, അവർ എന്നെ ഊഷ്മളതയോടെയും സ്വാഗതം ചെയ്തു. അവരുടെ പിന്തുണയോടെ, എന്റെ ആദ്യ ശ്രമത്തിൽ തന്നെ ഞാൻ ഗർഭം ധരിച്ചു. എന്റെ അച്ഛനും സഹോദരങ്ങളും പ്രിയപ്പെട്ടവരും അഭിമാനത്തോടെയും സ്നേഹത്തോടെയും കൂടെ നിന്നു. ചിലർ എന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു. പക്ഷേ, എന്റെ ഹൃദയത്തിൽ എനിക്കറിയാം, ഞാൻ തയാറായിരുന്നു.
എന്റെ മക്കൾക്ക് അച്ഛൻ ഇല്ലായിരിക്കാം! പക്ഷേ കലയും സംഗീതവും സംസ്കാരവും നിരുപാധികമായ സ്നേഹവും നിറഞ്ഞ ഒരു വീട്ടിൽ അവർ വളരും. അവർ സ്വന്തം വേരുകളോർത്ത് അഭിമാനിക്കുന്നവരാകും!
ഞാൻ ഈ പാത തിരഞ്ഞെടുത്തത് കലാപത്തിനല്ല – എന്റെ സത്യത്തെ മാനിക്കാനാണ് ഞാനിതു തിരഞ്ഞെടുത്തത്. എന്റെ കഥ ഒരു സ്ത്രീയെ എങ്കിലും സ്വയം വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ, അത് മതി. താമസിയാതെ, രണ്ട് ചെറിയ ആത്മാക്കൾ എന്നെ അമ്മ എന്ന് വിളിക്കും – അതാണ് എല്ലാം.
നന്ദി, ഡോ. സുഷമ… എനിക്കൊപ്പം നടന്നതിന്!
1996 മുതൽ അഭിനയത്തിൽ സജീവമാണ് ഭാവന രാമണ്ണ. 1997ൽ പുറത്തിറങ്ങിയ ‘ചന്ദ്രമുഖി പ്രാണാക്ഷി’ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന താരം ആ ചിത്രത്തിൽ മികച്ച സഹനടിക്കുള്ള കർണാടക സർക്കാരിന്റെ പുരസ്കാരവും നേടി. 2002, 2012 എന്നീ വർഷങ്ങളിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഭാവന സ്വന്തമാക്കി. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ‘ഒറ്റ’ എന്ന മലയാള സിനിമയിലും ഭാവന അഭിനയിച്ചിരുന്നു. അഭിനയം കൂടാതെ രാഷ്ട്രീയത്തിലും പൊതുപ്രവർത്തനരംഗത്തും സജീവമാണ് താരം.