ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ജീവിതശൈലി, ഭക്ഷണശീലം, മാനസികാരോഗ്യം എന്നിവയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് നല്ലതാണ്.
ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണം ഹൃദയാരോഗ്യത്തിന് വരെ നല്ലതാണ്. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിൽ ഭക്ഷണവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചുവപ്പു നിറത്തിലുള്ള ഭക്ഷണങ്ങളിൽ ആന്റിഓക്സിഡന്റുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഈ ഭക്ഷണങ്ങൾ ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കും. ഇത്തരത്തിൽ ഹൃദ്രോഗസാധ്യത കുറയ്ക്കുന്ന, ചുവപ്പു നിറത്തിലുള്ള ചില ഭക്ഷണങ്ങളെ അറിയാം.
തക്കാളി
ഹൃദയാരോഗ്യമേകുന്ന മികച്ച ഒരു ഭക്ഷണമാണിത്. തക്കാളിയിൽ ലൈക്കോപ്പീൻ എന്ന ശക്തിയേറിയ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് തക്കാളിക്ക് ചുവപ്പുനിറം നൽകുന്നതോടൊപ്പം ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും സഹായിക്കുന്നു കൂടാതെ പ്ലേക്ക് അടിഞ്ഞു കൂടുന്നതിനെ തടയുകയും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. തക്കാളി പച്ചയ്ക്കും വേവിച്ചും കഴിക്കാം. വേവിക്കുമ്പോൾ ലൈക്കോപ്പീന്റെ ആഗിരണം വർധിക്കും.
ബീറ്റ് റൂട്ട്
ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇതിനെ ശരീരം നൈട്രിക് ഓക്സൈഡ് ആയി മാറ്റുന്നു. രക്തക്കുഴലുകളെ റിലാക്സ് ചെയ്യിക്കാനും രക്തപ്രവാഹം മെച്ചപ്പെടുത്താനും നൈട്രിക് ഓക്സൈഡ് സഹായിക്കും. അതായത് രക്തസമ്മർദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും. ബീറ്റ്റൂട്ടിൽ ഫോളേറ്റും ഫൈബറും പൊട്ടാസ്യവും ധാരാളമുണ്ട്. ഇവയെല്ലാം ഹൃദയത്തെ ആരോഗ്യമുള്ളതാക്കും. വർക്കൗട്ടിനു മുൻപ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് സ്റ്റാമിന നൽകുകയും ഹൃദയത്തിന് ഗുണം ചെയ്യുകയും ചെയ്യും.
ആപ്പിൾ
ചുവന്ന ആപ്പിളിൽ ഫ്ലേവനോയ്ഡുകൾ, പ്രത്യേകിച്ച് ക്യുവർസെറ്റിൻ ധാരാളമുണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുകയും രക്തം, കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. ആപ്പിളിൽ സോല്യുബിൾ ഫൈബർ ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കും. തൊലി കളയാതെ ആപ്പിൾ കഴിക്കാനും ശ്രദ്ധിക്കാം. പതിവായി ആപ്പിൾ കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കുകയും പക്ഷാഘാതം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ചുവപ്പ് മുന്തിരി
ചുവപ്പ് മുന്തിരിയിൽ പ്രത്യേകിച്ച് കുരുവുള്ളതിൽ റെസ്‌വെറാട്രോൾ എന്ന സംയുക്തം ധാരാളം ഉണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഹൃദയധമനികളുടെ ആന്തരപാളിയെ റെസ്‌വെറാട്രോൾ സംരക്ഷിക്കുകയും ഓക്സീകരണ സമ്മർദം കുറയ്ക്കുകയും ചെയ്യും. ആഴ്ചയിൽ മൂന്നോ നാലോ ദിവസം ഒരു പിടി മുന്തിരി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
സ്ട്രോബെറി
സ്ട്രോബെറി ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. വൈറ്റമിൻ സി, പോളിഫിനോളുകൾ, ആന്തോസയാനിനുകൾ ഇവ സ്ട്രോബെറിയിൽ ധാരാളമുണ്ട്. ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം നല്ല കൊളസ്ട്രോൾ കൂട്ടാനും രക്തസമ്മർദം കുറയ്ക്കാനും സ്ട്രോബെറിക്കു കഴിയും. ഹാർവാർഡ് സര്‍വകലാശാല നടത്തിയ ഒരു പഠനത്തിൽ, ആഴ്ചയിൽ മൂന്നിലധികം തവണ സ്ട്രോബെറിയും ബ്ലൂബെറിയും കഴിക്കുന്നവർക്ക് ഹൃദയാഘാത സാധ്യത 32 ശതമാനം കുറവായിരിക്കും എന്ന് കണ്ടു. ഈ പഴങ്ങളെല്ലാം വെറുതെ കഴിക്കുകയോ സാലഡിൽ ചേർത്തു കഴിക്കുകയോ ആവാം. ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്ന ഈ ചുവപ്പൻ പഴങ്ങൾ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും