മുന്‍കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്മൃതി ഇറാനി അഭിനയത്തിലേക്ക്. സ്മൃതി ഇറാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ എന്ന പരമ്പരയുടെ രണ്ടാംഭാഗത്തില്‍ ആണ് സ്മൃതി ഇറാനി അഭിനയിക്കുന്നത്.
പരമ്പരയില്‍ തുളസി വിരാനി എന്ന കഥാപാത്രത്തേയാണ് സ്മൃതി ഇറാനി അവതരിപ്പിക്കുന്നത്. മെറൂണ്‍ സാരിയും വട്ടപ്പൊട്ടും പരമ്പരാഗത ആഭരണവും ധരിച്ച സ്മൃതി ഇറാനിയാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. 15 വര്‍ഷത്തിന് ശേഷമാണ് സ്മൃതി അഭിനയത്തിലേക്ക് തിരികെയെത്തുന്നത്.
ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും വിജയകരമായ ഷോകളില്‍ ഒന്നായിരുന്നു ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’. ഇതിലെ അഭിനേതാക്കളുടെ കരിയറിലും പരമ്പര ഒരു വഴിത്തിരിവായി. മാതൃകാ മരുമകളായ തുളസി വിരാനി (സ്മൃതി ഇറാനി)യുടെ കഥയാണ് ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്ന് നിര്‍മ്മിച്ച പരമ്പര പറഞ്ഞത്. ഭര്‍ത്താവ് മിഹിര്‍ വിരാനി (അമര്‍ ഉപാധ്യായ)യും കുട്ടികളുമെല്ലാം നിറഞ്ഞ തുളസിയുടെ ജീവിതമായിരുന്നു പരമ്പരയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയത്.
2000 മുതല്‍ 2008 വരെയാണ് ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്. അമിതാഭ് ബച്ചന്‍ അവതാരകനായ ‘കോന്‍ ബനേഗാ ക്രോര്‍പതി’യോടൊപ്പം ആരംഭിച്ച ഈ ഷോ ഏഴ് വര്‍ഷത്തോളം ടിആര്‍പി ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡുകളില്‍ നിന്ന് മികച്ച നടി – ജനപ്രിയ വിഭാഗത്തില്‍ സ്മൃതി തുടര്‍ച്ചയായി അഞ്ച് അവാര്‍ഡുകളും രണ്ട് ഇന്ത്യന്‍ ടെലി അവാര്‍ഡുകളും നേടി.