ആരാധകർക്ക് മുന്നിൽ വികാരാധീനയായി പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം സാമന്ത റൂത് പ്രഭു. തെലുങ്ക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക 2025 പരിപാടിയില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ വാക്കുകൾ ഇടറിയത്. കണ്ണുകള്‍ നിറഞ്ഞാണ് സാമന്ത സംസാരിച്ചത്.
‘എനിക്ക് നിങ്ങളോട് നന്ദി പറയാന്‍ ഇതുവരെ അവസരം ലഭിച്ചിരുന്നില്ല’, എന്ന മുഖവുരയോടെയാണ് സാമന്ത സംസാരിച്ചു തുടങ്ങിയത്. ‘ആദ്യചിത്രം മുതല്‍ തന്നെ നിങ്ങളിലൊരാളായി എന്നെ സ്വീകരിച്ചു. എനിക്ക് സ്‌നേഹം മാത്രമേ നിങ്ങള്‍ തന്നിട്ടുള്ളൂ’,- സാമന്ത പറഞ്ഞു.
‘എന്റെ ഓരോ ചുവടിലും, ഓരോ തെറ്റിലും നിങ്ങള്‍ എന്നെ കൈവിട്ടില്ല. ഞാന്‍ ശരിക്കും നന്ദിയുള്ളവളാണ്. എവിടെ പോയാലും, എന്ത് ചെയ്താലും, ഏത് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്താലും ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് എന്റെ മനസില്‍ ആദ്യംവരുന്നത്, ‘തെലുങ്ക് പ്രേക്ഷകര്‍ എന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുമോ’, എന്ന ചിന്തയാണ്. ഈ നീണ്ട യാത്രയില്‍ എന്നെ പിന്തുണച്ചതിന് നന്ദി. നിങ്ങള്‍ എനിക്ക് വ്യക്തിത്വം തന്നു, വീടും സ്വന്തമാണെന്ന തോന്നലുമുണ്ടാക്കി. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നാണ് ഞാനിത് പറയുന്നത്’, സാമന്ത കൂട്ടിച്ചേര്‍ത്തു.